| Friday, 17th February 2017, 4:02 pm

മാര്‍ക്‌സിസ്റ്റുകാരും മനുഷ്യരാണ്, കല്ല്യാണം വരുമ്പോള്‍ ജാതിയും ജാതകവും നോക്കും; ചിന്താ ജെറോമിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രിസ്റ്റ്യന്‍ മാട്രിമോണിയലിലെ വിവാദ വിവാഹ പരസ്യത്തില്‍ യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണും ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്താ ജെറോമിനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ ചിന്തയെ പരിഹസിച്ചത്. മാര്‍ക്‌സിസ്റ്റുകാരും മനുഷ്യരാണ്, ജാതിയില്ലായെന്ന് പറയുമ്പോഴും കല്ല്യാണം കഴിക്കുമ്പോള്‍ അവര്‍ ജാതിയും ജാതകവും നോക്കുമെന്നായിരുന്നു ജയശങ്കറിന്റെ പോസ്റ്റ്.

ഇ.എം.എസ്സിന്റെ നാല് മക്കളും സ്വജാതിയില്‍ നിന്നുമാണ് വിവാഹം ചെയ്തത്. അച്യൂതാനന്ദനും പിണറായി വിജയനും എം.എ ബേബിയും ഇക്കാര്യത്തില്‍ ഏക അഭിപ്രായക്കാരാണെന്നും ജയശങ്കര്‍ പറയുന്നു. യുവാക്കളും അതേ പാത പിന്തുടരുന്നവരാണെന്നും ശ്രീരാമകൃഷ്ണനും സ്വരാജും ഷംസീറുമൊക്കെ ദൃഷ്ടാന്തങ്ങളാണെന്നും ജയശങ്കര്‍ പറയുന്നു.

ജയശങ്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
തികഞ്ഞ മതേതരവാദിയും ജനാധിപത്യ വിശ്വാസിയും കത്തിച്ചാല്‍ കത്തുന്ന വിപ്ലവകാരിയുമായ യുവതി 28വയസ്, 168സെമീ, ഗവേഷക. ജാതി, മത പരിഗണന കൂടാതെ പുരോഗമന ചിന്താഗതിക്കാരനായ ജീവിതപങ്കാളിയെ ആഗ്രഹിക്കുന്നു.
ഇങ്ങനെ ഒരു പരസ്യമാണ് ചിന്താ ജെറോമിന്റെതായി നമ്മള്‍ പ്രതീക്ഷിക്കുക. പക്ഷേ, വന്നത് താഴെ പറയുന്ന പ്രകാരം ആയിരുന്നു.
കൊല്ലം രൂപതയിലെ അതിപുരാതന ലത്തീന്‍ കത്തോലിക്കാ കുടുംബം, സുന്ദരി, 28വയസ്, ഇരു നിറം,168സെമി ഉയരം, ഇടത്തരം സാമ്പത്തികം, എം.എ,ബി.എഡ്. ദൈവഭയമുളള കത്തോലിക്കാ യുവാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഡോക്ടര്‍, എഞ്ചിനീയര്‍, ഐഎഎസ് കാര്‍ക്കു മുന്‍ഗണന.


Also Read: ഐ.പി.എല്‍ താരലേലത്തില്‍ കണ്ണുംനട്ട് കേരളവും; ലേലത്തിന് ഏഴ് കേരള താരങ്ങളും


 ഈ പരസ്യം ചിന്ത കൊടുത്തതാവില്ല, മൂന്നു തരം. ഒന്നുകില്‍ അവരെ നാറ്റിക്കാന്‍ സംഘികളോ വിഎസ് ഗ്രൂപ്പുകാരോ കൊടുത്തതാകാം; അല്ലെങ്കില്‍ നമ്മുടെ ഇടുക്കി മെത്രാന്‍ പറഞ്ഞപോലെ അവര്‍ വല്ല എസ് എന്‍ ഡി പിക്കാരെയും കെട്ടി വഴിയാധാരമാകരുത് എന്ന ആഗ്രഹത്താല്‍ ബന്ധുക്കള്‍ ആരെങ്കിലും കൊടുത്തതാകാം.
പരസ്യത്തെ തളളിപ്പറഞ്ഞുവെങ്കിലും പോലീസില്‍ പരാതി കൊടുക്കാന്‍ ചിന്ത തയ്യാറല്ല. അതുകൊണ്ട് രണ്ടാമത്തെ അനുമാനമാണ് പ്രസക്തം.
ചാവറ മാട്രിമണിയില്‍ പരസ്യം കൊടുത്തതും വരന്‍ ക്രിസ്ത്യാനിയായാലും പോരാ കത്തോലിക്കനാവണം എന്ന ശാഠ്യവുമാണ് ചിന്താശൂന്യരായ ചിന്താ വിരുദ്ധരെ ഹരം പിടിപ്പിക്കുന്നത്.

ഒന്നാലോചിച്ചാല്‍ അതിലൊന്നും കഥയില്ല. മാര്‍ക്‌സിസ്റ്റുകാരും മനുഷ്യരാണ്. നമുക്കു ജാതിയില്ല എന്ന് പറയും, കല്യാണം കഴിക്കുമ്പോള്‍ ജാതിയും ജാതകവും നോക്കും.
ഈയെമ്മസ്സിന്റെ നാല് മക്കളും സ്വജാതിയില്‍ നിന്നാണ് വേളികഴിച്ചത്; അതും ഓത്തുള്ള ഇല്ലങ്ങളില്‍ നിന്നുമാത്രം. അച്യുതാനന്ദനും പിണറായി വിജയനും എം എ ബേബിയും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.
യുവനേതാക്കളും അതേ പാത പിന്തുടരുന്നു. ശ്രീരാമകൃഷ്ണനും സ്വരാജും ഷംസീറുമൊക്കെ ദൃഷ്ടാന്തങ്ങള്‍. എം ബി രാജേഷാണ് സാമാന്യ നിയമത്തിന് അപവാദം.
സുരേഷ് കുറുപ്പും കൃഷ്ണദാസും ശര്‍മ്മയുമൊക്കെ “മുന്തിയ” ജാതിയില്‍ നിന്ന് ജീവിതസഖികളെ കണ്ടെത്തിയവരാണ്. കെ.ചന്ദ്രന്‍ പിള്ള മറിച്ചുളള ഉദാഹരണം.
ആഫ്രിക്കയില്‍ നിന്ന് രണ്ടു ജിറാഫിനെ കൊണ്ടുവരുന്നു എന്നു കേട്ടപ്പോള്‍, അതില്‍ ഒന്നു കത്തോലിക്കന്‍ വേണം എന്നു പറഞ്ഞു പോലും. ജാതി-മത ചിന്ത തെല്ലുമില്ലാത്ത ചിന്ത, തന്റെ ജീവിതസഖാവ് ഒരു കത്തോലിക്കനാവണം എന്നാഗ്രഹിച്ചാലും തെറ്റില്ല.

ഇനി ഒരു പഴങ്കഥ.
മിശ്രഭോജനം നടത്തി പുലയന്‍ അയ്യപ്പന്‍ എന്ന ദുഷ്‌പേരു സമ്പാദിച്ച സഹോദരന്‍ അയ്യപ്പന്‍ അയ്യാക്കുട്ടി ജഡ്ജിയുടെ മകളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചില ചെറുപ്പക്കാര്‍ ചോദിച്ചു: ഇയാള്‍ എന്തു കൊണ്ട് ഒരു പുലയിപ്പെണ്ണിനെ കല്യാണം കഴിക്കുന്നില്ല?
അതു കേട്ട ഒരു കാരണവര്‍: ഈ അയ്യപ്പന്‍ ജനിച്ചതില്‍ പിന്നെ ആദ്യമായി ഒരു നല്ല കാര്യം ചെയ്യാന്‍ പോകുകയാണ്, നീയൊക്കെ കൂടി അത് മുടക്കരുത്.

We use cookies to give you the best possible experience. Learn more