| Thursday, 18th May 2017, 7:58 pm

'ബാലകൃഷ്ണപിളള അങ്ങനെ വെറും കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായര്‍ മാടമ്പിയാണ്: മന്ത്രിസഭാ തീരുമാനത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള കോണ്‍ഗ്രസ്, ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സ.പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ തയ്യാറല്ലെന്നു പറഞ്ഞു കൊണ്ടാണ് ജയശങ്കര്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.


Also Read: ‘ വിജയത്തിലും എന്റെ ഹൃദയം ഹൈദരാബാദിനൊപ്പമാണ്’; പ്ലേ ഓഫ് മത്സരം നട്ടപ്പാതിരായിലേക്ക് നീട്ടിയതിനെതിരെ പ്രതിഷേധവുമായി കിംഗ് ഖാനും ഗംഭീറും യുവരാജ് സിംഗും


ഡോ.ജേക്കബ് തോമസിനെ മാറ്റി ഡ്യൂലക്‌സ് നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറും സംഗീത കലാനിധി ടോമിന്‍ തച്ചങ്കരിയെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിയും ആക്കിയതിനുപിന്നാലെ മഹാരാജ രാജശ്രീ ആര്‍.ബാലകൃഷ്ണപിളളയെ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചുവെന്നും ജയശങ്കര്‍ പറയുന്നു.

ബാലകൃഷ്ണപിളള അങ്ങനെ വെറും കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായര്‍ മാടമ്പിയാണ്, മുന്‍ മന്ത്രിയാണ്, ഇടമലയാര്‍ കേസില്‍ താമ്രപത്രം കിട്ടിയ പോരാളിയാണ്. അതുകൊണ്ട് ക്യാബിനറ്റ് റാങ്കും കൊടുത്തു എന്നും അദ്ദേഹം പരിഹസിക്കുന്നു.

മുന്നോക്ക സമുദായ കോര്‍പറേഷന്‍ പിളളയെ ഏല്പിച്ചതിനെ കുറിച്ച് സുകുമാരന്‍ നായര്‍ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല. എതിര്‍ക്കാന്‍ ന്യായമില്ല. എതിര്‍ത്തിട്ടു വിശേഷവുമില്ലെന്നാണ് ജയശങ്കറിന്റെ അഭിപ്രായം.

ഒന്നാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായക്കാര്‍ക്കു നല്‍കുന്ന സമ്മാനമാണ് ബാലകൃഷ്ണപിളള എന്നു പറഞ്ഞ അദ്ദേഹം മുന്നോക്കക്കാര്‍ക്ക് അഭിമാനിക്കാം, മറ്റുള്ളവര്‍ക്ക് അസൂയപ്പെടാം. അത്രതന്നെയെന്നും കൂട്ടിച്ചേര്‍ക്കുന്നു.


Don”t Miss: കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ല; രാജ്യസുരക്ഷയില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും പാകിസ്ഥാന്‍ 


ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് ബാലകൃഷ്ണപിള്ളയെ നിയമിച്ചിരിക്കുന്നത്.

നേരത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കോര്‍പ്പറേഷന്റെ പ്രഥമ അധ്യക്ഷ സ്ഥാനവും പിള്ളയ്ക്കായിരുന്നു. പിന്നീട് യുഡിഎഫുമായി ഇടഞ്ഞതോടെ പിള്ള സ്ഥാനം രാജിവെക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more