തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോയ്ക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കര്‍. ഗതാഗത മന്ത്രിക്ക് നേരെയുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് എഷ്യാനെറ്റിനു നേരെ അക്രമണമുണ്ടായതെന്നും അതുകൊണ്ട് തന്നെ പാവം അച്ചായനെ ആളുകള്‍ സംശയിക്കുകയാണെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ പറയുന്നത്.
തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ആ സമയത്ത് സി.പി.ഐ.എമ്മിനും ദേശാഭിമാനിക്കും തോമസ് ചാണ്ടിയോടുണ്ടായിരുന്ന സമീപനത്തെയും ഓര്‍മ്മിപ്പിച്ചാണ് ജയശങ്കര്‍ ഏഷ്യാനെറ്റ് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത്.
“ഗതാഗത മന്ത്രി കുവൈറ്റ് ചാണ്ടിയുടെ ഭൂപരിഷ്‌കരണവും കായല്‍ കയ്യേറ്റവും സംബന്ധിച്ച് ഏഷ്യാനെറ്റ് ചാനല്‍ നേരോടെ നിരന്തരം നിര്‍ദ്ദയം വാര്‍ത്ത കൊടുക്കുന്നതിനിടയ്ക്കാണ് ഇപ്പോഴുത്തെ അനിഷ്ട സംഭവം. അതുകൊണ്ടു തന്നെ പാവം അച്ചായനെ ആളുകള്‍ സംശയിക്കുന്നു, പരോക്ഷമായെങ്കിലും കുറ്റപ്പെടുത്തി സംസാരിക്കുന്നു.” അദ്ദേഹം പറയുന്നു
“അറിയാവുന്നവര്‍ക്കറിയാം, ചാണ്ടിച്ചായന്‍ ആ ടൈപ്പ് ആളല്ലെന്ന്. ആള്‍ മാന്യനും മര്യാദക്കാരനുമാണ്. ചാനലിന്റെ കാര്‍ അടിച്ചു തകര്‍ക്കാന്‍ മാത്രം സംസ്‌കാര ശൂന്യനല്ല. കരുണാകരന്റെ ഡി.ഐ.സിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാലത്ത് അച്ചായനെ കുറിച്ച് എന്നാഒക്കെ അനാവശ്യമാണ് നമ്മുടെ ദേശാഭിമാനി പത്രം എഴുതിപ്പിടിപ്പിച്ചത്. ദേശാഭിമാനിയുടെ ഒരോഫീസും തകര്‍ത്തില്ല, ഒരു ലേഖകനെയും തല്ലിയില്ല.” ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
“ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ആലപ്പുഴ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ഏതോ കളളുകുടിയന്‍ തല്ലിപ്പൊട്ടിച്ചു. അതിത്ര വലിയ ആനക്കാര്യമൊന്നുമല്ല.” എന്നു തുടങ്ങുന്ന പോസ്റ്റ് ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരുമെന്ന പറഞ്ഞാണ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:
“ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ആലപ്പുഴ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ഏതോ കളളുകുടിയന്‍ തല്ലിപ്പൊട്ടിച്ചു. അതിത്ര വലിയ ആനക്കാര്യമൊന്നുമല്ല. ഇന്നാട്ടില്‍ കുടിയന്മാര്‍ ഒരുപാടുണ്ട്, മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയുളള ആക്രമണവും ആദ്യമായല്ല നടക്കുന്നത്.
ഗതാഗത മന്ത്രി കുവൈറ്റ് ചാണ്ടിയുടെ ഭൂപരിഷ്‌കരണവും കായല്‍ കയ്യേറ്റവും സംബന്ധിച്ച് ഏഷ്യാനെറ്റ് ചാനല്‍ നേരോടെ നിരന്തരം നിര്‍ദ്ദയം വാര്‍ത്ത കൊടുക്കുന്നതിനിടയ്ക്കാണ് ഇപ്പോഴുത്തെ അനിഷ്ട സംഭവം. അതുകൊണ്ടു തന്നെ പാവം അച്ചായനെ ആളുകള്‍ സംശയിക്കുന്നു, പരോക്ഷമായെങ്കിലും കുറ്റപ്പെടുത്തി സംസാരിക്കുന്നു.
അറിയാവുന്നവര്‍ക്കറിയാം, ചാണ്ടിച്ചായന്‍ ആ ടൈപ്പ് ആളല്ലെന്ന്. ആള്‍ മാന്യനും മര്യാദക്കാരനുമാണ്. ചാനലിന്റെ കാര്‍ അടിച്ചു തകര്‍ക്കാന്‍ മാത്രം സംസ്‌കാര ശൂന്യനല്ല. കരുണാകരന്റെ ഡിഐസിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാലത്ത് അച്ചായനെ കുറിച്ച് എന്നാഒക്കെ അനാവശ്യമാണ് നമ്മുടെ ദേശാഭിമാനി പത്രം എഴുതിപ്പിടിപ്പിച്ചത്.
ദേശാഭിമാനിയുടെ ഒരോഫീസും തകര്‍ത്തില്ല, ഒരു ലേഖകനെയും തല്ലിയില്ല. ഒടുവില്‍ പാര്‍ട്ടിയും പത്രവും സത്യം തിരിച്ചറിഞ്ഞു, അച്ചായനെ എംഎല്‍എയും മന്ത്രിയുമാക്കി. നീതിമാന്‍ പനപോലെ വളരും ലെബനോണിലെ ദേവദാരു പോലെ തഴയ്ക്കും എന്ന ബൈബിള്‍ വാക്യം പരമാര്‍ത്ഥമായി.
നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഇതിന്റെ സത്യവും വെളിവാകും. ഏഷ്യാനെറ്റിന്റെ തെറ്റിദ്ധാരണയും നീങ്ങും. സകല മാധ്യമങ്ങളും ചേര്‍ന്ന് ചാണ്ടിച്ചായനെ മഹത്വപ്പെടുത്തും. നീതിമാന്‍ ഏഴുതവണ വീണാലും എഴുന്നേല്ക്കും; പാപിയോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും.”