ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിക്കാന്‍ സംഘി നുണകള്‍ ഏറ്റുപിടിച്ച് സി.പി.ഐ നേതാവ് അഡ്വ. ജയശങ്കര്‍. നോട്ടുനിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം വൈകിയതിനെ വിമര്‍ശിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ജയശങ്കര്‍ സംഘപരിവാര്‍ പ്രചരണങ്ങള്‍ യാതൊരു വസ്തുതാ പരിശോധനയും കൂടാതെ ഏറ്റുപിടിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ടില്ല, പനീര്‍ ശെല്‍വത്തിന് വിദ്യാഭ്യാസ യോഗ്യതയില്ല തുടങ്ങിയ സംഘപരിവാര്‍ പ്രചരണങ്ങളാണ് ജയശങ്കറും ഏറ്റുപിടിച്ചിരിക്കുന്നത്.
തമിഴ് നാട്ടില്‍ ശമ്പളം ബാങ്കു അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്നല്ലാതെ നോട്ടുക്ഷാമം കാരണം ജീവനക്കാര്‍ക്ക് അത് പിന്‍വലിക്കാനായിട്ടില്ല. അതേസമയം ട്രഷറികളിലൂടെ തന്നെ ശമ്പളം വിതരണം തുടരുക എന്ന ധനമന്ത്രിയുടെ തീരുമാനം കാരണം ഭാഗികമായെങ്കിലും ശമ്പളം വിതരണം ചെയ്യാന്‍ കഴിയുകയാണ് ചെയ്തത്. വസ്തുത ഇതാണെന്നിരിക്കെ കേന്ദ്രത്തിനെതിരെ ജനവികാരം ഇളക്കിവിടാനും കേരളത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശമ്പള വിതരണം തടസപ്പെടുത്തിയെന്നാണ് ജയശങ്കര്‍ ആരോപിക്കുന്നത്.
തമിഴ് നാട് ധനമന്ത്രിയുടെയും കേരളത്തിലെ ധനമന്ത്രിയുടെയും വിദ്യാഭ്യാസ യോഗ്യത താരതമ്യം ചെയ്തുകൊണ്ട് തോമസ് ഐസക്കിനെ കുറ്റപ്പെടുത്തുന്ന ഭാഗത്താണ് പനീര്‍ ശെല്‍വത്തിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ ആവര്‍ത്തിക്കുന്നത്.
ബിരുദധാരിയായ പനീര്‍ ശെല്‍വത്തെ “പഠിപ്പും പാസുമില്ലാത്ത” പനീര്‍ ശെല്‍വം എന്നാണ് ജയശങ്കര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ട്രഷറികളില്‍ മാത്രമാണ് പണമില്ലാത്തതെന്നും തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലും ജനങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നുമായിരുന്നു സംഘപരിവാര്‍ പ്രചരണം. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ പ്രചരണം ഏറ്റുപിടിച്ചിരുന്നു.
എന്നാല്‍ ശമ്പളം അക്കൗണ്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനാവാത്ത സ്ഥിതിയാണ് തമിഴ്നാട്ടിലെന്നാണ് പ്രാദേശിക പത്രങ്ങളും മറ്റും റിപ്പോര്‍ട്ടു ചെയ്യുന്നത്. പണമെടുക്കാനായി നീണ്ട ക്യൂവില്‍ നിന്നിട്ടും പലരും പണം കിട്ടാതെ മടങ്ങിയെന്നും പല ബാങ്കുകള്‍ക്കു മുമ്പിലും പണമില്ല എന്ന ബോര്‍ഡുകള്‍ തൂക്കിയിരിക്കുകയാണ് എന്നൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയം അറിയില്ല. ധനതത്വശാസ്ത്രവും അറിയില്ല. തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകത്തിലും ഒന്നാം തീയതി ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു; ഇവിടെ മുടങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
കേരളം തമിഴ്‌നാടല്ല, മലയാളികളുടെ മാതൃഭൂമിയാണ്. തമിഴ് നാട്ടില്‍ പലതും നടക്കും അവിടെ മുഖ്യമന്ത്രി ആണാണ് എന്നു നമ്മുടെ ബാലകൃഷ്ണ പിള്ളയദ്ദേഹം പണ്ട് പറഞ്ഞിട്ടുണ്ട്. (അന്ന് കേരള മുഖ്യമന്ത്രി ആന്റണിയും തമിഴക മുഖ്യ ജയലളിതയും ആയിരുന്നു)
മുഖ്യന്റെ കാര്യം പോകട്ടെ. തമിഴ് നാട്ടില്‍ ധനകാര്യ മന്ത്രി ആരാണ്? പഠിപ്പും പാസുമില്ലാത്ത ഒ.പനീര്‍ ശെല്‍വം. ഇവിടെ മഹാ പണ്ഡിതന്‍ ഡോ.തോമസ് ഐസക്. ധനതത്വ ശാസ്ത്രജ്ഞന്‍, റിച്ചാര്‍ഡ് ഫ്രാങ്കിയുടെ അത്യുത്തമ ശിഷ്യന്‍. അണ്ണാ ഡിഎംകെ ബിജെപിയുടെ ബി ടീമാണ്. നോട്ടു പിന്‍വലിച്ചതു കൊണ്ട് നേട്ടമുണ്ടായി എന്ന് അവര്‍ക്ക് തെളിയിക്കണം. അതുകൊണ്ട് ശമ്പളവും പെന്‍ഷനും മുടങ്ങാതെ കൊടുത്തു. ഇവിടുത്തെ സ്ഥിതി വ്യത്യസ്തമാണ്. എല്‍ഡിഎഫ് നോട്ടു പിന്‍വലിച്ചതിനെ എതിര്‍ക്കുന്നു, ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നു. ഒന്നാം തീയതി ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍ കേന്ദ്രത്തിനെതിരായ വികാരം ശക്തമാകും. മറിച്ചായിരുന്നെങ്കില്‍ ഹര്‍ത്താലിന്റെ പ്രസക്തി നഷ്ടപ്പെട്ടേനെ. ഐസക്കിന്റെ എട്ടല്ല പനീര്‍ ശെല്‍വത്തിന്റെ പത്ത്