| Sunday, 30th January 2022, 2:28 pm

ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നും അതിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്നുമുള്ള അഭിപ്രായം എനിക്കില്ല: ജലീലിന് മറുപടിയുമായി അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. ലോകായുക്തയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്നും താന്‍ അഭിപ്രായപ്പെടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.
ലോകായുക്തയ്ക്കെതിരെയുള്ള കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കവെയാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നും അതിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്ന് അഭിപ്രായം എനിക്കില്ല. അദ്ദേഹം പല പരിമിധികളും ബലഹീനതകളും ഉള്ള വ്യക്തിയാണ്. സ്വഭാവികമായിട്ടും അദ്ദേഹം സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമൊക്കെ ഇരുന്നപ്പോള്‍ പുറത്തുവന്ന പല വിധികളും സംശയാസ്പദമാണ്,’ അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചത് സിറിയക് ജോസഫ് ഉള്‍പ്പെടുന്ന ബെഞ്ചായിരുന്നെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

‘കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തയാക്കിയതും സിറിയക് ജോസഫും സുഭാഷന്‍ റെഡ്ഡിയും ഉള്‍പ്പെടുന്ന ബെഞ്ചാണ്. ഇത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു. അതിന്റെ തൊട്ടുമുമ്പാണ് സിറിയക് ജോസഫിന്റെ സഹോദരന്‍ ജെയിംസ് ജോസഫിന്റെ സഹധര്‍മ്മിണി ജാന്‍സി ജെയിംസിനെ മഹത്മാ ഗാന്ധി യുണീവേഴ്സിറ്റി വൈസ് ചാന്‍സലറായി നിയമിക്കുന്നത്.

എന്നാല്‍ ഇത് തമ്മില്‍ കൂട്ടികലര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. അക്കാദമിക് തലത്തില്‍ മികച്ചു നില്‍ക്കുന്നവരാണ് ജാന്‍സി. അതൊരു ദുരാരോപണം മാത്രമാണ്,’ അദ്ദേഹം പറയുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാടെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്.

ലോകായുക്ത നിയമ ഭേദഗതയില്‍ നിന്ന് പിന്മാറാന്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.


Content Highlights: Adv. Jayasankar about KT Jaleel’s statement

We use cookies to give you the best possible experience. Learn more