മണ്ഡലം ഉണ്ടായിട്ട് 15 ശതമാനം വോട്ട് തികച്ചുകിട്ടാത്ത ബി.ജെ.പിയ്ക്ക് വിജയ പ്രതീക്ഷയുണ്ടാക്കുന്ന മാധ്യമങ്ങള്‍; വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍
Kerala News
മണ്ഡലം ഉണ്ടായിട്ട് 15 ശതമാനം വോട്ട് തികച്ചുകിട്ടാത്ത ബി.ജെ.പിയ്ക്ക് വിജയ പ്രതീക്ഷയുണ്ടാക്കുന്ന മാധ്യമങ്ങള്‍; വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 8:37 am

കൊച്ചി: വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നല്കുന്ന സ്‌പേസിനെതിരെ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍.

മണ്ഡലം ഉണ്ടായിട്ടിന്നോളം 15% വോട്ട് തികച്ചു കിട്ടാത്ത, മുന്‍തൂക്കമുള്ള ഒരൊറ്റ മേഖല പോലുമില്ലാത്ത ബി.ജെ.പിയ്ക്ക്, അവരുടെ തലയ്ക്ക് വെളിവുള്ള നേതാക്കള്‍ക്ക് പോലുമില്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ചാര്‍ത്തി കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്തൊരു അപഹാസ്യമാണിത് ജനവിധികളോട് അല്‍പ്പം പോലും ബഹുമാനമില്ലാത്ത മാധ്യമപ്രവര്‍ത്തന രീതി അവലംബിച്ചിട്ടും ഒരു നാണവുമില്ല !

പ്രചാരണത്തിന്റെ ആദ്യ ദിവസം മുതല്‍ യു.ഡി.എഫിനും എല്‍.ഡിഎഫിനും ഒപ്പം സ്പേസും വിജയസാധ്യതയും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍, തൂക്കമൊപ്പിച്ചു നല്‍കുന്ന പടങ്ങള്‍, ഹൈപ്പ്, എന്നുവേണ്ട അവരുടെ വര്‍ഗീയത നിറഞ്ഞ പ്രചാരണങ്ങള്‍ക്ക് വലിയ വിസിബിലിറ്റി നല്‍കുന്നത് വര്‍ഗ്ഗീയതയോടുള്ള മാധ്യമസന്ധിയായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തോന്നുന്നില്ല.

ജനപിന്തുണയ്ക്കോ ജനതാല്‍പ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം ബി.ജെപിയ്ക്ക് വിഷ്വല്‍ മീഡിയ നല്‍കിയ സ്പേസിന്റെ നോര്‍മ്മലൈസേഷന്‍ ആണ് മനോരമ ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.. എന്നിട്ട് നാട്ടില്‍ വര്‍ഗീയത വളരുന്നതിനെതിരെ എഡിറ്റോറിയലില്‍ മുതലക്കണ്ണീര്‍ ഒഴുക്കും.. ഇരട്ടത്താപ്പിന്റെ രാജാക്കന്മാര്‍,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഇപ്പറഞ്ഞതിന്റെ പൊരുള്‍ സംഘികള്‍ക്ക് മനസിലാക്കാന്‍ ഒരു വഴിയുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, നരേന്ദ്രമോദിയുടെയും രാഹുല്‍ഗാന്ധിയുടെയും കൂടെ പിണറായി വിജയന്റെയും ഫോട്ടോ വെച്ചിട്ട് ഇതുപോലെ, ‘ആര് പ്രധാനമന്ത്രിയാകും’ എന്ന ക്യാപ്ഷന്‍ കൊടുത്താല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.