| Wednesday, 5th January 2022, 11:49 pm

'എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാല്‍ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും'; 'ആക്ഷന്‍ ഹീറോ' മീമില്‍ ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് പോസ്റ്റ് പങ്കുവെച്ച കേരളാ പൊലീസിന്റെ നടപടിയ്‌ക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍.

പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇനിയും ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്ത് കേരളാ പൊലീസ് അവരുടെ സേനയുടെ നിലവാരം വീണ്ടും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് വിഷയത്തിലെ തന്റെ പ്രതികരണം അദ്ദേഹം വ്യക്തമാക്കുന്നത്.

പൊലീസ് നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടായാല്‍ പൊതുജനം പൊലീസിനെ ബഹുമാനിക്കുന്നത് നിര്‍ത്തുമെന്നും, അധികാരമോ മസില്‍ പവര്‍ കണ്ടിട്ടോ അല്ലെന്നും അത് യൂണിഫോമിനോടുള്ള ബഹുമാനമാണെന്നും ഹരീഷ് പറയുന്നു.

‘ഈ സേന നിയമം കയ്യിലെടുക്കും എന്നു വന്നാല്‍, ജനം നിങ്ങളെ അനുസരിക്കുന്നത് അങ്ങ് നിര്‍ത്തും. നിന്റെയൊന്നും കയ്യിലുള്ള അധികാരം കണ്ടിട്ടോ മസില്‍ പവര്‍ കണ്ടിട്ടോ അല്ല നിന്നെയൊന്നും ജനം ബഹുമാനികുന്നത്, അതാ നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും നീയൊക്കെ കളഞ്ഞാല്‍ ഇന്നാട്ടിലെ നിയമവ്യവസ്ഥ തകരാന്‍ അധികം സമയം വേണ്ട,’ കുറിപ്പില്‍ ഹരീഷ് വാസുദേവന്‍ പറയുന്നു.

ഇടിയോ തൊഴിയോ ഒന്നും പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും, പൊലീസ് സേന തന്നെ നിയമം ലംഘിക്കാന്‍ തുടങ്ങിയാല്‍ ഇതിന് അവസാനമുണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു.

ഇക്കാര്യമെല്ലാം നിയന്ത്രിക്കേണ്ടത് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയാണെന്നും എന്നാല്‍ അദ്ദേഹമത് ചെയ്യാത്തതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇക്കാര്യം പറയേണ്ടി വരുന്നതെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

‘ഇങ്ങോട്ട് തരുന്നതേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കാന്‍ പൊലീസിന് അധികാരം തന്നിട്ടില്ല. കണ്ട ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ടു ഒരു ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതില്‍ വരുന്ന കണ്ടന്റുകള്‍ക്ക് മറുപടി പറയാന്‍ ഇന്നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ഈ നാട്ടിലെ ജനങ്ങളോട്, ഭരിക്കുന്ന മുന്നണിയോട് ഒക്കെ അക്കൗണ്ടബിലിറ്റി ഉണ്ട്.

ആ കണ്ടന്റ് നീക്കം ചെയ്‌തെങ്കില്‍ നല്ലത്, അത് പോരാ, പലപല പോസ്റ്റുകളായി കേരളാ പോലീസ് പേജില്‍ ഇമ്മാതിരി, നിയമത്തെ അട്ടിമറിക്കുന്ന, കേരളാ പോലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകള്‍ വരുന്നു. ഇതൊക്കെ അപ്രൂവ് ചെയ്ത ആളെ, അതിനി മനോജ് എബ്രഹാം ആയാലപ്പോലും അയാളെ ട്രെയിനിങ്ങിന് വിടണം. ഇനി തെറ്റു ആവര്‍ത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം,’ പോസ്റ്റില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് കേരളാ പൊലീസിനെ തിരുത്താന്‍ പറ്റില്ലെങ്കില്‍, ജനാധിപത്യത്തില്‍ വേറെ വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

May be a close-up of one or more people, glasses and outdoors

നേരത്തെ, മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക പേജില്‍ ട്രോള്‍ മീം പങ്കുവെച്ചിരുന്നു.

നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു മീം ഷെയര്‍ ചെയ്താണ് പൊലീസ് സംഭവത്തെ ന്യായീകരിച്ചത്.

‘അല്ലയോ മഹാനുഭാവ. താങ്കള്‍ എന്തിനാണ് ഇത്തരം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന് കുറ്റവാളികളോട് ചോദിക്കോണോ. ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും,’എന്ന് നിവിന്‍ പോളിയുടെ കഥാപാത്രമായ എസ്.ഐ. ബിജു ചോദിക്കുന്ന സീനാണ് പൊലീസ് പങ്കുവെച്ചത്.

ചിത്രത്തിന്റെ തുടര്‍രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കേണ്ട എന്ന ഉപദേശവും ഷെയര്‍ ചെയ്ത മീമിനൊപ്പം പൊലീസ് നല്‍കുന്നുണ്ട്.

‘ആദ്യ മീം സൈലന്റ്. രണ്ടാമത്തേത്. ഞങ്ങള്‍ ഞങ്ങളുടെ കര്‍തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും,’ എന്നാണ് വിവാദ മീമിന് നല്‍കിയ ക്യാപ്ഷന്‍.

പൊലീസിനെതിരെ പരാതിയില്ലെന്ന് മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായ യാത്രക്കാരന്‍ ഷമീര്‍ പറഞ്ഞതിന് പിന്നാലെയാണ് ഈ ട്രോള്‍ എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉണ്ടായതോടെ മീം പേജില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

അഡ്വ: ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

എടാ പോടാ എന്നു വിളിക്കുന്ന പൊലീസിനെ എന്താടാ ന്ന് തിരിച്ചും വിളിക്കും, എല്ലാവരും വിളിക്കണം എന്നു ഞാന്‍ ഇവിടെ പറഞ്ഞിട്ടധികം നാളായില്ല. അങ്ങനെ വിളിക്കാനല്ല, അധികാര ദുര്‍വിനിയോഗം എന്നത് ഒരാള്‍ക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓര്‍മ്മിപ്പിക്കാനാണ് ആ ഭാഷ ഉപയോഗിച്ചത്. ആ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണം എന്നും പിന്നീട് ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.

പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇനിയും ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്തു കേരളാ പോലീസ് അവരുടെ സേനയുടെ നിലവാരം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.

എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാല്‍ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കില്‍ കല്ലെറിയും. ചവിട്ടിയാല്‍ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കില്‍ ഇരുട്ടടി അടിക്കും… എന്നൊക്കെ ജനം തീരുമാനിച്ചാല്‍ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിര്‍ത്താനും.. മനസ്സിലായോ?

ഈ സേന നിയമം കയ്യിലെടുക്കും എന്നു വന്നാല്‍, ജനം നിങ്ങളെ അനുസരിക്കുന്നത് അങ്ങ് നിര്‍ത്തും. നിന്റെയൊന്നും കയ്യിലുള്ള അധികാരം കണ്ടിട്ടോ മസില്‍ പവര്‍ കണ്ടിട്ടോ അല്ല നിന്നെയൊന്നും ജനം ബഹുമാനികുന്നത്, അതാ നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും നീയൊക്കെ കളഞ്ഞാല്‍ ഇന്നാട്ടിലെ നിയമവ്യവസ്ഥ തകരാന്‍ അധികം സമയം വേണ്ട.

ഇടിയോ തൊഴിയോ ഒന്നും പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് തെറ്റിധരിക്കരുത്. പൊലീസ് സേന തന്നെ നിയമം ലംഘിച്ചു തുടങ്ങുമെന്ന് ആണെങ്കില്‍ അതിനൊരു അവസാനം ഉണ്ടാവില്ല. ഓര്‍ത്തോ.

ഇത് നിങ്ങളോട് പറയേണ്ടത് ഇന്നാട്ടിലെ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹമത് ചെയ്യാത്തത് കൊണ്ടാണ് ജനത്തിന് ഈ ഭാഷയില്‍ പറയേണ്ടി വരുന്നത്.

*********************************

ഇങ്ങോട്ട് തരുന്നതേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കാന്‍ പൊലീസിന് അധികാരം തന്നിട്ടില്ല. കണ്ട ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ടു ഒരു ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതില്‍ വരുന്ന content നു മറുപടി പറയാന്‍ ഇന്നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ഈ നാട്ടിലെ ജനങ്ങളോട്, ഭരിക്കുന്ന മുന്നണിയോട് ഒക്കെ അക്കൗണ്ടബിലിറ്റി ഉണ്ട്.

ആ content നീക്കം ചെയ്‌തെങ്കില്‍ നല്ലത്, അത് പോരാ, പലപല പോസ്റ്റുകളായി കേരളാ പോലീസ് പേജില്‍ ഇമ്മാതിരി, നിയമത്തെ അട്ടിമറിക്കുന്ന, കേരളാ പൊലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകള്‍ വരുന്നു. ഇതൊക്കെ അപ്രൂവ് ചെയ്ത ആളേ, അതിനി മനോജ് എബ്രഹാം ആയാലപ്പോലും അയാളെ ട്രെയിനിങ്ങിന് വിടണം. ഇനി തെറ്റു ആവര്‍ത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം.

മുഖ്യമന്ത്രി പിണറായി വിജയനു കേരളാ പൊലീസിനെ തിരുത്താന്‍ പറ്റില്ലെങ്കില്‍, മര്യാദയും നിയമവ്യവസ്ഥയും പഠിപ്പിക്കാന്‍ പറ്റില്ലെങ്കില്‍, അത് തിരുത്തിക്കാന്‍ ഇന്നാട്ടില്‍ ജനാധിപത്യത്തില്‍ വേറെ വഴികളുണ്ട്. അത് ചെയ്യും.
പോലീസ് രാജിന്റെ കീഴില്‍ ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Adv Harish Vasudevan against the meme shared by Kerala police  justifying beating the passenger

We use cookies to give you the best possible experience. Learn more