ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിന് സുപ്രീംകോടതി സ്റ്റേ അനുവദിക്കാത്തതിന് പിന്നാലെ പ്രതികരണവുമായി അഡ്വ: ഹാരിസ് ബീരാന്‍.
ഇന്ന് നിയമത്തില്‍ സ്റ്റേ അനുവദിക്കാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലയെന്ന കാരണം കൊണ്ടാണെന്നും സ്റ്റേ ഹരജികളെല്ലാം നിലനില്‍ക്കുന്നുണ്ടെന്നും അടുത്ത തവണ ഇത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രിക ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇന്ന് ഹരജികള്‍ പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലങ്ങളൊന്നും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. വീണ്ടും ആറാഴ്ച്ചത്തെ സമയം കൂടി അവര്‍ അതിന് വേണ്ടി ചോദിച്ചു. കഴിഞ്ഞ തവണ കോടതികളില്‍ ഹരജികള്‍ വന്നപ്പോള്‍ 60 ഓളം ഹരജികളായിരുന്നു കോടതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 144 ഹരജികളായിട്ട് മാറിയിട്ടുണ്ട്. ആദ്യം നല്‍കിയ ഹരജികളില്‍ അവര്‍ മറുപടി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ഹരജികളില്‍ കൂടി മറുപടി നല്‍കുന്നതിനായി തയ്യാറെടുക്കേണ്ടതുണ്ടെന്നും അതിന് കുറച്ച് കൂടി സമയം വേണ്ടിവരുമെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. അതിനുള്ള സമയമാണ് അവര്‍ ചോദിച്ചിട്ടുള്ളത്.’ അഡ്വ: ഹാരിസ് ബീരാന്‍ പറഞ്ഞു.
ആറ് ആഴ്ചത്തെ സമയമാണ് ചോദിച്ചതെങ്കിലും നാല് ആഴ്ച്ചത്തെ സമയമാണ് കോടതി അവര്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന് സത്യവാങ്മൂലം ലഭിച്ചതിന് ശേഷമേ സ്റ്റേയോ അല്ലെങ്കില്‍ നിയമം പ്രാബല്യത്തില്‍ വരാതിരിക്കാനുള്ള നടപടികളുമായോ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുമ്പോള്‍ എന്താണ് അവരുടെ നിലപാട് എന്നുള്ളതും കോടതിക്ക് വ്യക്തമാവുമെന്നാണ് പറയുന്നതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം പ്രാബല്യത്തില്‍ വരുത്തണമോയെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ഉളവാക്കുന്ന നടപടി ക്രമങ്ങളായിരുന്നു ഇന്ന് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേ ഹരജികളെല്ലാം നിലനില്‍ക്കുന്നുണ്ടെന്നും അടുത്ത തവണ ഇത് പരിഗണിക്കുമെന്നും അഡ്വ: ഹാരിസ് ബീരാന്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.
നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രീം കോടതി.
അഞ്ച് ആഴ്ചയ്ക്ക് ശേഷം കേസ് കേള്‍ക്കും. അതിന് മുന്‍പായി സ്റ്റേ നല്‍കാനാവില്ല. നാലാഴ്ചയ്ക്കുള്ളില്‍ എന്തൊക്കെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നുവോ അതെല്ലാം സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും എന്ന നിലപാട് കൂടി ഉത്തരവില്‍ രേഖപ്പെടുത്തിക്കൂടെ എന്ന് അഭിഭാഷകരില്‍ ഒരാള്‍ചോദിച്ചപ്പോള്‍ അങ്ങനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അതാണ് നിയമം എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ