| Thursday, 27th May 2021, 7:42 am

സുരേന്ദ്രന്‍ ജീ, മുരളീധരന്‍ ജീ, ചെന്നിത്തല, സ്വര്‍ണക്കടത്ത് കേസില്‍ താല്‍പര്യമൊക്കെ പോയോ?; കേസ് തേച്ചുമാച്ചുകളയാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കരുതെന്നും അഡ്വ. ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിനും ബി.ജി.പിക്കും താല്‍പര്യം നഷ്ടപ്പെട്ടോയെന്ന ചോദ്യവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. രമേശ് ചെന്നിത്തലയോടും കെ. സുരേന്ദ്രനോടും വി. മുരളീധരനോടുമാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യമുന്നയിച്ചത്. കസ്റ്റംസും എന്‍.ഐ.എയും പോട്ടെ, ഇ.ഡി പോലും കേസിലെ അന്വേഷണം അവസാനിപ്പിച്ചോവെന്നും അദ്ദേഹം ചോദിച്ചു.

‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ച ആളെ കണ്ടുപിടിക്കണ്ടേ സുരേന്ദ്രന്‍ജീ? രാജ്യദ്രോഹക്കുറ്റം തെളിയിക്കണ്ടേ? ഇത്രയും കാലമായിട്ടു ഒരു ഫോണ്‍ കോളിന്റെ ഉടമയെ തെളിവ് സഹിതം കണ്ടെത്താന്‍ പറ്റാത്ത അന്വേഷണ സംവിധാനമാണോ ഈ രാജ്യത്തുള്ളത്?
അയ്യേ, മോശം മോശം. ഇവരാണോ തീവ്രവാദികളെ മുഴുവന്‍ പിടിച്ച് രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത്?

സ്വര്‍ണ്ണം കയറ്റി വിട്ടവരെ ദുബായില്‍ ഇതുവരെ അറസ്റ്റ് ചെയ്‌തോ? കൈമാറ്റം ചെയ്തു കിട്ടാന്‍ ശ്രമിച്ചോ? അന്വേഷണം ഒരിഞ്ചു മുന്നോട്ടു പോയോ? ഡിപ്ലോമാറ്റ് ബാഗ് ആണോ അല്ലയോ എന്ന കാര്യത്തില്‍ രണ്ടു കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ ധാരണയായോ?’ ഹരീഷ് ചോദിച്ചു.

ഏപ്രില്‍ 6നു വോട്ട് പെട്ടിയില്‍ വീണ ശേഷം എത്രതവണ നാമിവരുടെ ഈ വിഷയത്തിലെ ഫോളോ അപ്പ് കേട്ടുവെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യദ്രോഹക്കേസ് വിടാമെന്നു വല്ല നിയമവുമുണ്ടോ നാട്ടിലെന്നും ഹരീഷ് ചോദിക്കുന്നു. അപ്പോഴെന്തായിരുന്നു യഥാര്‍ത്ഥ താല്പര്യമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വിമര്‍ശനമുന്നയിച്ചു.

അവനവന്‍ ഉന്നയിക്കുന്ന രാജ്യദ്രോഹകേസില്‍ പോലും, താല്‍ക്കാലിക മുതലെടുപ്പ് താല്പര്യങ്ങള്‍ക്ക് അപ്പുറം എത്രമാത്രം ആത്മാര്‍ത്ഥത ഇല്ലെന്ന് തെളിയിക്കുന്നതാണ് സ്വര്‍ണ്ണക്കടത്ത് വിവാദം. ഉണ്ടയില്ലാ വെടികളുടെ ഒരു കാലം. പക്ഷെ കേരളം ഇതങ്ങനെ വിടരുതെന്നും ഹരീഷ് പറഞ്ഞു.

സ്വര്‍ണ്ണം ആരയച്ചു, ആര്‍ക്കയച്ചു, ആരിടപെട്ടു എന്നത് അന്വേഷിക്കണം. ഇപ്പോള്‍ രാജ്യസ്‌നേഹം പറയുന്ന പലരും അപ്പോള്‍ തലയില്‍ മുണ്ടിട്ട് രാജ്യം വിടാന്‍ സാധ്യത ഉണ്ടൈന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതായാലും, മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ അന്വേഷണം വഴിതെറ്റിച്ചു, സാക്ഷികളെ സ്വാധീനിച്ചു എന്ന ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലെ അഡീ.സെഷന്‍സ് കോടതിവിധി വന്ന ശേഷം വിഷയത്തിലെ മറ്റു കാര്യങ്ങളെ കുറിച്ച് സംസാരിക്കാമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി.

സ്വര്‍ണക്കള്ളക്കടത്ത് കേസ് തേച്ചുമായ്ച്ചു കളയരുതെന്നും കളയാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കരുതെന്നും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Adv. Hareesh Vasudevan asks whether Congress and BJP lost interest in Gold smuggling case

We use cookies to give you the best possible experience. Learn more