കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമൊഴിവാക്കിക്കൊണ്ടാവണമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ആയിട്ട് നടത്തണമെന്നാണ് ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ നടത്തുന്നതിന് നിയമപരമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ എം.എല്‍.എ മാരും ചടങ്ങിന് ഔദ്യോഗികമായി ആവശ്യമുള്ളവരും അല്ലാതെ ഒരാള്‍ പോലും കൂടുതല്‍ പങ്കെടുക്കാത്ത രീതിയിലാവണം ഈ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്നും അദ്ദേഹം പറയുന്നു.
അഭിഭാഷകനായി എന്റോള്‍ ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ദിവസമാണ് അവരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാല്‍ ഇത്തവണ കേരളാ ബാര്‍ കൗണ്സില് പ്രതിനിധി അഭിഭാഷകരുടെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി ആണ് ചൊല്ലിക്കൊടുത്തത്. 785 പുതിയ അഭിഭാഷകര്‍ അവരവരുടെ വീട്ടിലിരുന്ന് ബാച്ച് ബാച്ചായി ഏറ്റുചൊല്ലിയാണ് സത്യപ്രതിജ്ഞ കൈക്കൊണ്ടത്. ആരും ഇതിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്തു പോലും ഇറങ്ങിയില്ല. നിയമവും ചട്ടവും പറഞ്ഞു ഓണ്‍ലൈനില്‍ നടക്കില്ലെന്നല്ല, എങ്ങനെ നടത്താമെന്നാണ് അവരാലോചിച്ചത്. അതുകൊണ്ടത് ചരിത്രമായി.
അതുപോലെ മെയ് 20 നു 140 എം.എല്‍.എ മാരും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യുകയാണ്. പലവട്ടം നേരത്തെ എം.എല്‍.എ മാരായും മന്ത്രിമാരായും ഒക്കെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. എന്തുകൊണ്ട് ഇത്തവണ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്താന്‍ പറ്റില്ലെന്നാണ് അദ്ദേഹം ചോദിച്ചത്.
ഒരാള്‍ക്കെങ്കിലും കൊവിഡ് പടര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. വിവേകത്തോടെ ഒരു തീരുമാനമെടുത്താല്‍ സര്‍ക്കാരിന്റെ വിജയത്തെക്കാളും ജനമനസ്സുകളില്‍ അംഗീകരിക്കപ്പെടുക അതായിരിക്കുമെന്നും ഹരീഷ് പറയുന്നു.
എന്റോള്‍മെന്റ് ചടങ്ങ് കാരണം ഒരാള്‍ക്ക് പോലും ഇവിടെ കൊവിഡ് രോഗം പടരാന്‍ ഞങ്ങള്‍ കാരണമായില്ല എന്നു കേരളാ ബാര്‍ കൗണ്സിലിന് അഭിമാനപൂര്‍വ്വം പറയാനാകും. അതാണ് കാലം ആവശ്യപ്പെടുന്ന സെന്‍സിബിലിറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷമായി പി.പി.ഇ കിറ്റുകളില്‍ ശ്വാസം മുട്ടി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ച് ഓര്‍ക്കാതെ ഒരു ഭരണ തീരുമാനവും എടുക്കാന്‍ പാടില്ല. ക്ഷണം കിട്ടിയാലും ഞാന്‍ വരില്ലെന്ന് പറയാന്‍ ജനനേതാക്കളും ബന്ധുക്കളും സാംസ്‌കാരിക നായകരും വിവേകം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊവിഡ് കാലത്തെ സത്യപ്രതിജ്ഞ
അഭിഭാഷകന്‍ ആകുന്നയാള്‍ക്ക് അതിനായി ജീവിതത്തില്‍ ഒരു സത്യപ്രതിജ്ഞയേ ഉള്ളൂ. സന്നദ് നല്‍കുന്ന ചടങ്ങ്. കേരളാ ഹൈക്കോടതിയുടെ വിശാലമായ ഓഡിറ്റോറിയത്തില്‍ അഡ്വക്കറ്റ് ജനറലും ജഡ്ജിയും ബാര്‍കൗണ്‌സില്‍ ചെയര്‍മാനും പോലുള്ള പ്രമുഖര്‍ അണിനിരക്കുന്ന ചടങ്ങാകും സാധാരണ. ഓരോ വക്കീലിനും മറക്കാനാവാത്ത നിമിഷമായത് കൊണ്ട് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒക്കെയായി രണ്ടായിരത്തിലധികം പേര്‍ നാനാഭാഗത്തു നിന്ന് കൊച്ചിയില്‍ ഒത്തുകൂടുന്ന ചടങ്ങാണ്. എന്റെ അച്ഛനും അമ്മയും അനിയനും സുഹൃത്തുക്കളും ഒക്കെ നീലേശ്വരത്തുനിന്നു അന്ന് കൊച്ചിയില്‍ വന്നു ആഘോഷിച്ചത് ഓര്‍ക്കുന്നു.
ഇത്തവണ കേരളാ ബാര്‍ കൗണ്സില് പ്രതിനിധി ആ സത്യപ്രതിജ്ഞ ഓണ്‍ലൈനായി ആണ് ചൊല്ലിക്കൊടുത്തത്. അപ്പോള്‍ 785 പുതിയ അഭിഭാഷകര്‍ അവരവരുടെ വീട്ടിലിരുന്ന് ബാച്ച് ബാച്ചായി ഏറ്റുചൊല്ലിയാണ് സന്നദ് കൈക്കൊണ്ടത്. ആരും ഇതിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്തു പോലും ഇറങ്ങിയില്ല. നിയമവും ചട്ടവും പറഞ്ഞു ഓണലൈനില്‍ നടക്കില്ലെന്നല്ല, എങ്ങനെ നടത്താമെന്നാണ് അവരാലോചിച്ചത്. അതുകൊണ്ടത് ചരിത്രമായി.
എന്റോള്‍മെന്റ് ചടങ്ങ് കാരണം ഒരാള്‍ക്ക് പോലും ഇവിടെ കൊവിഡ് രോഗം പടരാന്‍ ഞങ്ങള്‍ കാരണമായില്ല എന്നു കേരളാ ബാര്‍ കൗണ്സിലിന് അഭിമാനപൂര്‍വ്വം പറയാനാകും. അതാണ് കാലം ആവശ്യപ്പെടുന്ന സെന്‍സിബിലിറ്റി.
അസാധാരണ കാലത്തെ അതിജീവിക്കാന്‍ അസാധാരണ രീതികള്‍ വേണം. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക യോഗങ്ങള്‍ പോലും ഓണ്‍ലൈനിലേക്ക് മാറിയ കാലത്തെപ്പറ്റി മുരളീ തുമ്മാരുക്കുടി പറഞ്ഞതോര്‍ക്കുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ കോട്ടുപോലുമിടാതെ വീട്ടിലിരുന്നാണ് കേസുകള്‍ കേള്‍ക്കുന്നത്. ചരിത്രത്തിലിതുവരെ കാണാന്‍ പറ്റാത്ത കാഴ്ചകളാണ്, എടുക്കുന്ന തീരുമാനങ്ങളാണ് നമ്മെ ഈ കെട്ട കാലത്ത് മുന്‍പോട്ടു നയിക്കുന്നത്. പുതിയമാതൃകകള്‍ സൃഷ്ടിച്ചാണ് ഇവരൊക്കെ ചരിത്രം സൃഷ്ടിക്കുന്നത്.
മെയ് 20 നു 140 എം.എല്‍.എ മാരും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യുകയാണ്. പലവട്ടം നേരത്തെ എം.എല്‍.എ മാരായും മന്ത്രിമാരായും ഒക്കെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. എന്തുകൊണ്ട് ഇത്തവണ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്താന്‍ പറ്റില്ല?
ഇനി നിയമപരമായി അത് പറ്റില്ലെങ്കില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ട എം.എല്‍.എ മാരും ചടങ്ങിന് ഔദ്യോഗികമായി ആവശ്യമുള്ളവരും അല്ലാതെ ഒരാള്‍ പോലും കൂടുതല്‍ പങ്കെടുക്കാത്ത രീതിയിലാവണം ഈ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്നാണ് എന്റെ അഭിപ്രായം.
കുടുംബാംഗങ്ങള്‍ക്ക് പോലും തല്‍ക്കാലം വീട്ടിലിരുന്ന് കാണാം. കൊവിഡ് അടിയന്തിരാവസ്ഥ മാറിയശേഷം എം.എല്‍.എ മാരുടെ കുടുംബസംഗമം നടത്തിയാലും കുഴപ്പമില്ല. ഇപ്പോഴതിനുള്ള സമയമല്ല. മാധ്യമപ്പടയേയും ഒഴിവാക്കി ഒരു ക്യാമറ ഔട്ട്പുട്ട് മാത്രമാക്കണം. ഒട്ടേറെ പണവും ഊര്‍ജ്ജവും ലാഭിക്കാമെന്നത് കണക്ക് കൂട്ടുന്നില്ലെങ്കില്‍ വേണ്ട, കൊവിഡ് ഒരാള്‍ക്കെങ്കിലും പടര്‍ത്താതിരിക്കാനുള്ള എന്തും ചെയ്യേണ്ട സമയമല്ലേ ഇപ്പോള്‍? അതെങ്കിലും പരിഗണിക്കേണ്ടതല്ലേ?
ഒരു വര്‍ഷമായി പി.പി.ഇ കിറ്റുകളില്‍ ശ്വാസംമുട്ടി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ഓര്‍ക്കാതെ ഒരു ഭരണതീരുമാനവും എടുക്കാന്‍ പാടില്ല. ക്ഷണം കിട്ടിയാലും ഞാന്‍ വരില്ലെന്ന് പറയാന്‍ ജനനേതാക്കളും ബന്ധുക്കളും സാംസ്‌കാരിക നായകരും വിവേകം കാട്ടണം.
ജീവന്റെ വിലയുള്ള ആ വിവേകം ഈ മഹത്തായ ജയത്തേക്കാളും കൂടുതല്‍ ജനമനസ്സുകളില്‍ അംഗീകരിക്കപ്പെടും. ചരിത്രത്തിലും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Adv. Hareesh Vasudevan asks new government to take oath without mass gathering