കൊച്ചി: പാലത്തായി കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സാമൂഹ്യനിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍
പിണറായി വിജയന്റേതായിരുന്നു ആ പതിനൊന്നു വയസുകാരി മോളെങ്കില്‍ ആ മോളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ തോന്നിവാസം കാണിച്ചതെങ്കില്‍ അദ്ദേഹം നോക്കിയിരിക്കുമോ എന്നായിരുന്നു ഹരീഷ് വാസുദേവന്‍ ചോദിച്ചത്.
‘പിണറായി വിജയാ, നിങ്ങളുടെയാണ് 11 വയസുകാരി മോളെങ്കില്‍, ആ മോളുടെ ബലാല്‍സംഗ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഐ.ജി കേസ് നടക്കുന്ന സമയത്ത് ഇമ്മാതിരി തോന്ന്യവാസം കാണിച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ?
ഇല്ലെങ്കില്‍ പിന്നെ ഇതിലെന്താണ് അമാന്തം? ഇത് ആ കേസിന്റെ മാത്രം പ്രശ്‌നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ??
ഈ കേസില്‍ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ഐ.ജി ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം. അല്ലാതെയുള്ള തുടര്‍ അന്വേഷണം പ്രഹസനമാകും.
ഈ ആവശ്യം ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി ആയി അയക്കുന്നു. എന്നോട് യോജിക്കുന്നവര്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ ആയി പരാതി അയക്കണം. നടപടി ഇല്ലെങ്കില്‍ ബാക്കി കോടതിയില്‍ കാണാം’ ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകാത്ത ഒരു കേസ്സില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ കോര്‍ത്ത് ഇണക്കി, കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയന്‍സും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കുകയാണ് ഐ.ജി ശ്രീജിത്ത് ചെയ്‌തെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി.
അന്വേഷണ ഡയറിയില്‍ പ്രതിഭാഗത്തിനു ഒരുകാലത്തും ആകറ്‌സസ് ഇല്ലാത്ത വിവരങ്ങളാണ് പോലീസ് തന്നെ ഫോണില്‍ പറഞ്ഞു കൊടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരത്തില്‍ നഗ്‌നമായ നിയമലംഘനം നടത്തിയ ഐ.ജി ശ്രീജിത്താണ് ഈ കേസ് തുടര്‍ന്നു മേല്‍നോട്ടം വഹിക്കുന്നതെങ്കില്‍ പിന്നെന്തിനാണ് തുടരന്വേഷണമെന്നും പ്രതിയെ വെറുതേ വിട്ടാല്‍ പോരെ എന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ശ്രീജിത്തിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്റെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്നും ഹരീഷ് തുടരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക