ഏത് ഭരണഘടനാ വിദഗ്ധനാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജിജോ ജോണ്‍ പുത്തേഴത്തും മനോരമയും വാര്‍ത്തയില്‍ പറഞ്ഞിട്ടില്ലെന്നും ഇത്തരം പിതൃശൂന്യ കോട്ടുകള്‍ ശീലിച്ച പാരമ്പര്യമാണ് മനോരമയ്ക്കുള്ളതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ജിജോ ജോണിന്റെ ബോംബ് പൊട്ടുന്നമാതിരിയുള്ള വാര്‍ത്ത ഉണ്ടായിരുന്നെന്നും ഹരീഷ് പറഞ്ഞു. ഹൈക്കോടതിയിലെ നിയമനത്തില്‍ ശിവശങ്കറിന്റെ കറുത്ത കരങ്ങള്‍ ആരോപിക്കുന്ന വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ദി ഹിന്ദു പത്രത്തില്‍ കെ.എസ് സുധി മനോരമയുടെ പച്ചക്കള്ളം പൊളിച്ചടുക്കി വാര്‍ത്ത കൊടുത്തതോടെ അല്‍പ്പം ക്ഷീണമായെന്നും ഹരീഷ് പറഞ്ഞു.
പഴയ ചാരക്കേസ് പോലെ മനോരമ ചുമ്മാ തള്ളി നോക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടു വിവരങ്ങള്‍ തന്നില്ല എന്ന പി.ടി തോമസിന്റെ പരാതിയും വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍.ടി.ഐയില്‍ വാങ്ങാന്‍ എന്താണ് തടസമെന്നും ഹരീഷ് ചോദിക്കുന്നു.
നുണ പറയാന്‍ അച്ച് നിരത്തുന്ന ഈ പത്രം വായനക്കാരെ പറ്റിക്കുന്ന ഇമ്മാതിരി ഉഡായിപ്പുമായി വരുന്നത് ഇതാദ്യമല്ലെന്നും സംസ്ഥാന ഐ.ടി വകുപ്പിന്റെയോ ഹൈക്കോടതിയുടേയോ വിശദീകരണം വാര്‍ത്തയിലില്ലെന്നും പ്രസ് കൗണ്‌സില്‍ മാനദണ്ഡങ്ങളോ ജേണലിസം മര്യാദയോ പാലിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹരീഷ് പറഞ്ഞു.
എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാന്‍ ഈ പീസ് കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാര്‍ഥികള്‍ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണമെന്നും ഹരീഷ് പറഞ്ഞു.
ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വക ഭരണഘടനാവിരുദ്ധമായ എന്തോ ഇടപെടല്‍ നടന്നു എന്ന സ്‌തോഭജനകമായ വാര്‍ത്തയാണ് മലയാള മനോരമയിലെ ‘ബോംബ് റിപ്പോര്‍ട്ടര്‍’ ജിജോ ജോണ്‍ പുത്തേഴത്ത് പുറത്തുവിട്ടത്.
ആര്‍ട്ടിക്കിള്‍ 229 അനുസരിച്ച് ഹൈക്കോടതിയില്‍ നിയമനം നടത്താനുള്ള അവകാശം ഹൈക്കോടതിക്ക് തന്നെയാണ് മറ്റാര്‍ക്കുമില്ല, ഹൈക്കോടതി ജഡ്ജി അധ്യക്ഷനും സംസ്ഥാന സര്‍ക്കാരിന്റെ IT വകുപ്പില്‍ നിന്ന് രണ്ട് പേരും അടങ്ങിയ കമ്മിറ്റിയാണ് താല്‍ക്കാലിക ജീവനക്കാരെ തെരഞ്ഞെടുത്തത്. ഇത് ഭരണഘടനാ ലംഘനമാണ് എന്നു നിയമവിദഗ്ധര്‍ പറയുന്നു എന്നാണ് ജിജോയും മനോരമയും പറയുന്നത്.
മറ്റു ഹൈക്കോടതികളില്‍ IT സേവനം നല്‍കുന്നത് NIC ആണെന്നും ഈ കമ്മിറ്റിയില്‍ NIC യുടെ പ്രതിനിധി ഉണ്ടായില്ലെന്നും ജിജോയും മനോരമയും പറയുന്നു.
ഏത് ഭരണഘടനാ വിദഗ്ധനാണ് ഇത് പറഞ്ഞതെന്ന് ജിജോയും മനോരമയും വാര്‍ത്തയില്‍ പറഞ്ഞിട്ടില്ല. ഇത്തരം പിതൃശൂന്യ കോട്ടുകള്‍ ശീലിച്ച പത്രമാണ്. പാരമ്പര്യമാണ്. നാം കുറ്റം പറയരുത്. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ജിജോ ജോണിന്റെ ബോംബ് പൊട്ടുന്നമാതിരിയുള്ള വാര്‍ത്ത ഉണ്ടായിരുന്നു.
ഹൈക്കോടതിയിലെ നിയമനത്തില്‍ ശിവശങ്കറിന്റെ കറുത്ത കരങ്ങള്‍ ആരോപിക്കുന്ന വാര്‍ത്തയായിരുന്നു അത്. ദി ഹിന്ദു പത്രത്തില്‍ K.S. Sudhi മനോരമയുടെ പച്ചക്കള്ളം പൊളിച്ചടുക്കി വാര്‍ത്ത കൊടുത്തതോടെ അല്‍പ്പം ക്ഷീണമായി. (കമന്റില്‍)
വാര്‍ത്തയെപ്പറ്റി അവിടവിടെ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ ഔദ്യോഗികമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയ എഡിറ്റര്‍ K Tony Jose തന്നെ നേരിട്ടിറങ്ങി ‘ക്യാപ്‌സ്യൂള്‍ വിതരണം’ ആരംഭിച്ചു.
സ്വാഭാവികമായ ചോദ്യങ്ങള്‍.
————————————————
ഹൈക്കോടതിയില്‍ IT യുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ആളെ നിയമിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് മാത്രമാണെങ്കില്‍ NIC എങ്ങനെ അത് ചെയ്യുന്നു? NIC യ്ക്ക് വേണ്ടി ആ ജോലി ചെയ്യുന്നത് ഹൈക്കോടതി നേരിട്ട് നിയമിച്ച സ്റ്റാഫ് ഉപയോഗിച്ചാണോ? അതോ NIC നിയമിച്ച ആളുകളാണോ? NIC യെ ഏല്പിച്ചതില്‍ ഭരണഘടനാ വിരുദ്ധത ഉണ്ടെന്ന് വിദഗ്ധര്‍ക്കോ ജിജോയ്‌ക്കോ മനോരമയ്‌ക്കോ തോന്നിയില്ലേ?
അതോ NIC എങ്ങനെയോ നിയമിക്കുന്ന ഏതോ കരാര്‍ തൊഴിലാളി വന്നു ചെയ്താല്‍ ഇല്ലാത്ത എന്തെങ്കിലും ഭരണഘടനാ വിരുദ്ധത ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ സമിതി പരസ്യം നടത്തി ഇന്റര്‍വ്യൂ ചെയ്തു ആളെ നിയമിച്ചാല്‍ ഉണ്ടാകുമോ?? എന്ത് ഭരണഘടനാപ്രശ്‌നമാണത്?
രണ്ട് സര്‍ക്കാര്‍ IT വിദഗ്ധര്‍ അടങ്ങിയ, ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ പാനലില്‍ NIC പ്രതിനിധി ഉണ്ടായില്ല എന്നാണ് മനോരമയുടെയും ജിജോയുടെയും അടുത്ത പരാതി. പക്ഷെ, NIC യെ സമിതിയില്‍ ഉള്‍പ്പെടുത്താത്തതിന്റെ ലംഘനം വരുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് എന്ന്, പിതൃശൂന്യ വിദഗ്ധരോ ജിജോയോ മനോരമയോ മിണ്ടുന്നില്ല. അതെന്താണാവോ
ആട്ടെ, എന്താണ് വസ്തുത?
———————————————–
ആര്‍ട്ടിക്കിള്‍ 229 അനുസരിച്ച് ഹൈക്കോടതിയുടെ നടത്തിപ്പ്, നിയമനം എന്നിവയില്‍ സ്വാതന്ത്രാധികാരം ഹൈക്കോടതിക്കുണ്ട്. ഇത് ആരൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്നതിന് ചട്ടവും നടപടി ക്രമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി, അച്ചടക്ക കമ്മിറ്റി, E കമ്മിറ്റി, പര്‍ച്ചേസ് കമ്മിറ്റി എന്നിങ്ങനെ ജഡ്ജിമാരുടെ ഓരോ സമിതികളും ഇതിനായി പ്രവര്‍ത്തിക്കുന്നു. Delegated power എന്നാണിതിനു പറയുക. അതിനര്‍ത്ഥം ഒരു ജോലിയും കരാര്‍ കൊടുക്കാന്‍ പാടില്ലെന്നാണോ?
NIC യുടെ IT സേവനം കൊണ്ട് ഹൈക്കോടതി പൊറുതിമുട്ടി. ഗതികെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ട ജഡ്ജിമാര്‍ അടങ്ങിയ സമിതി സംസ്ഥാന IT വകുപ്പിനോട് സഹായം തേടി.
അത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തു. ഒരാളുടെ സേവനത്തില്‍ തൃപ്തി ഇല്ലെങ്കില്‍ അയാളെ മാറ്റി വേറെയൊരാളുടെ സേവനം തേടാന്‍ ഇന്നാട്ടിലെ എല്ലാ സാധാരണ പൗരന്മാര്‍ക്കും അവകാശമുണ്ട്. അതൊക്കെ ഹൈക്കോടതിക്കും ഇല്ലാതിരിക്കില്ലല്ലോ അല്ലേ?
സംസ്ഥാന IT വകുപ്പ് ഹൈക്കോടതിയുടെ ആവശ്യങ്ങള്‍ കണക്കാക്കി ഒരു പദ്ധതി തയ്യാറാക്കി, ആവശ്യമായ സ്റ്റാഫിന്റെ എണ്ണവും യോഗ്യതയും ഹൈക്കോടതി തന്നെ തീരുമാനിച്ചു.
താല്‍ക്കാലിക കരാര്‍ നിയമനം IT വകുപ്പിന് നേരിട്ട് ചെയ്യന്നതില്‍ ഒരു നിയമപ്രശ്നവും ഇല്ല. ഹൈക്കോടതി കെട്ടിടം പെയിന്റടിക്കാനുള്ള പണി ഒരു കമ്പനിയെ ഏല്‍പ്പിച്ചാല്‍, പെയിന്റ് പണിക്ക് ആ കമ്പനി ഓരോ പണിക്കാരനെ എടുക്കുന്നതിനും ഹൈക്കോടതിയോട് ചോദിക്കേണ്ടല്ലോ. എന്നത് പോലെ, ഇതിനും വേണ്ട.
എന്നിട്ടും സുതാര്യവും വിശ്വാസയോഗ്യവുമായ രീതിക്ക് വേണ്ടി ഒരു ജഡ്ജി തന്നെ ചെയര്‍മാനായ ഒരു സമിതി ഇന്റര്‍വ്യൂ നടത്തി സ്റ്റാഫിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. അവരവിടെ ജോലി ചെയ്യുന്നു. പണി നടക്കുന്നു. ഇതാണ് മനോരമയ്ക്കും ജിജോയ്ക്കും പ്രശ്‌നം. ഇതും ED അന്വേഷിക്കുന്നു എന്നായിരുന്നു ആദ്യബോംബ്.
ഭരണഘടനാ വിരുദ്ധത ആരോപിക്കുന്നത് ഭരണഘടനാ കോടതിയിലെ ജഡ്ജിമാര്‍ അടങ്ങിയ കമ്മിറ്റിയുടെ തീരുമാനങ്ങളിലാണ്. എന്ത് അടിസ്ഥാനത്തില്‍? ഒരു കോപ്പും ഇല്ലാതെ. അന്തരീക്ഷത്തിലെ പുക.
പഴയ ചാരക്കേസ് പോലെ മനോരമ ചുമ്മാ തള്ളി നോക്കുകയാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടു വിവരങ്ങള്‍ തന്നില്ല എന്ന PT തോമസിന്റെ പരാതിയുമുണ്ട് ബോക്സില്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ RTI യില്‍ വാങ്ങാന്‍ എന്താണ് തടസം?
‘പരിഗണനയില്‍ ഇരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന 5 പേരുടെ നിയമനം സംബന്ധിച്ച് ഒരു സൈബര്‍ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ല’ എന്ന PT തോമസിന്റെ പരാതി മനോരമ മത്തങ്ങയാക്കിയിട്ടുണ്ട്. ഏത് വിഭാഗം പരിശോധിക്കണമെന്നാണ് PT തോമസും മനോരമയും പറയുന്നത്? എന്ത് അടിസ്ഥാനത്തില്‍?
നുണ പറയാന്‍ അച്ചു നിരത്തുന്ന ഈ പത്രം വായനക്കാരെ പറ്റിക്കുന്ന ഇമ്മാതിരി ഉഡായിപ്പുമായി വരുന്നത് ഇതാദ്യമല്ല.
സംസ്ഥാന IT വകുപ്പിന്റെ വിശദീകരണം വാര്‍ത്തയിലില്ല. ഹൈക്കോടതിയുടേ വിശദീകരണമില്ല. പ്രസ് കൗണ്‌സില്‍ മാനദണ്ഡങ്ങളോ ജേണലിസം മര്യാദയോ പാലിച്ചിട്ടില്ല.
കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാര്‍ഥികള്‍ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്. എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാന്‍.
ബാക്കി നിയമത്തിന്റെ വഴിയാണ്. അത് വഴിയേ…. (NB: മനോരമയുടെ നിലവാരത്തില്‍ ആകരുത് അവരോടുള്ള പ്രതികരണം എന്നു മുതിര്‍ന്ന സുഹൃത്തുക്കള്‍ പലരും പറഞ്ഞതിനാല്‍ അവരോട് ക്ഷമാപൂര്‍വം ആ ഭാഗം നീക്കം ചെയ്യുന്നു.)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക