ഇക്കാലത്തും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടോ എന്നു എന്നോട് പലരും ചോദിക്കാറുണ്ട്. ഉത്തരം പറയാം.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മുന്‍രാജ കുടുംബം കൊണ്ടുപോകുന്നു എന്ന പരാതി സൗന്ദര്‍രാജന്‍ എന്ന സാധാരണ പൗരനും ഉറച്ച വിശ്വസിയുമായ ഒരു പാവം ഉന്നയിച്ചു. തിരുവനന്തപുരത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ, സര്‍ക്കാര്‍ സംവിധാനങ്ങളോ, നിയമനിര്‍മ്മാണ സഭ പോലുമോ ആ ഭക്തന്റെ പരാതി ചെവിക്കൊണ്ടോ?
നടപടി ഉണ്ടായോ? ഇല്ല.
ഭരണഘടനയുടെ കീഴില്‍ ഭരിക്കപ്പെടുന്ന രാജ്യത്ത് ഒരു കുടുംബത്തിന്റെ കീഴില്‍ ഒരു ജനാധിപത്യ ഓഡിറ്റുമില്ലാതെ ക്ഷേത്ര ഭരണവും സ്വത്തും അന്യാധീനപ്പെടുത്തുന്നത് ഭക്തരുടെ താല്പര്യത്തില്‍ ശരിയല്ല എന്ന ഉറച്ച നിലപാട് സ്വീകരിച്ച ആ പാവം ഭക്തന്റെ നിലപാടിന് ഏത് ജനാധിപത്യ സമൂഹത്തിന്റെ പിന്തുണയാണ് ലഭിച്ചത്? ആ സ്വത്തുക്കള്‍ എത്രയുണ്ടെന്നു അളന്നു തിട്ടപ്പെടുത്തണം എന്ന മിനിമം ആവശ്യമെങ്കിലും ഇന്നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ ഉദ്യോഗസ്ഥരോ ഏറ്റെടുത്തോ?
ഭരണം ഇല്ലെങ്കിലും അതിശക്തമായ അധികാര കേന്ദ്രം തന്നെയാണ് ഇപ്പോഴും മുന്‍രാജകുടുംബം. തിരുവനന്തപുരത്തെ ഭൂരിപക്ഷം ജനതയും പരാതി ഏറ്റെടുത്തില്ല.
തട്ടിപ്പുകാര്‍ക്ക് എതിരെ ഭക്തന്‍ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രം സ്വകാര്യ കാര്യമാണ് എന്ന നിലപാടാണ് മുന്‍രാജകുടുംബം സ്വീകരിച്ചത്. ട്രസ്റ്റ് സര്‍ക്കാര്‍ തന്നെ രൂപീകരിക്കാനും ഉടമസ്ഥത ഏറ്റെടുക്കാനും ഹൈക്കോടതി പറഞ്ഞു. സുപ്രീംകോടതിയില്‍ എത്തിയപ്പോഴേ ക്ഷേത്രം പൊതുക്ഷേത്രമാണ്, സ്വകാര്യമല്ല എന്ന നിലപാടിലേക്ക് കുടുംബം മാറി. ഭക്തന്‍ ഉന്നയിച്ച വിഷയം അപ്പോഴേ ജയിച്ചു.
ഈ നിലപാടിലേക്ക് ആ കുടുംബത്തെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍, സ്വത്ത് അളക്കാന്‍ പോയാല്‍, സുവര്‍ണ്ണാവസരക്കാര്‍ ഇവിടെയുണ്ടാക്കാവുന്ന പുകില്‍ ഒന്നോര്‍ത്തു നോക്കൂ….
സുപ്രീംകോടതി എന്ത് പറഞ്ഞു? ജില്ലാ ജഡ്ജി അധ്യക്ഷനായ, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പ്രതിനിധി, തന്ത്രി, ഒക്കെ ചേര്‍ന്ന ഒരു സമിതി ഭരണം നടത്തണം എന്നാണ് കോടതി പറഞ്ഞത്. റിട്ട.ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉപദേശക സമിതിയും ഉണ്ടാകും.
ഒരു സാധാരണക്കാരനായ ഭക്തന്‍, ബഹുഭൂരിപക്ഷം ഭക്തരുടെയും നിലപാടിന് എതിരായി, ഒരു കുടുംബം നടത്തുന്ന ഏകാധിപത്യ ഭരണത്തിന് എതിരായി ക്ഷേത്രസ്വത്തിന്റെ ജനാധിപത്യവല്‍ക്കരണം എന്ന ആവശ്യവുമായി പോയത് ജുഡീഷ്യറിയിലേക്കാണ്.
കേസ് കേള്‍ക്കുന്നതിനിടെ തന്നെ സ്വത്ത് കോടതി നിയോഗിച്ച സമിതി അളന്നു തിട്ടപ്പെടുത്തി. കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം മോഷണം പോയെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി. സര്‍ക്കാര്‍-ജുഡീഷ്യറി പങ്കാളിത്തമുള്ള സമിതിയുടെ ഭരണം, 25 വര്‍ഷം നടത്തിയ അന്യാധീനപ്പെടുത്തലുകള്‍ അന്വേഷിക്കണം. മുതല്‍ തിരിച്ചു പിടിക്കണം എന്നാണ് ഇന്ന് വിധി.