സൗമ്യ കേസില്‍ ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയെന്ന് അഭിഭാഷകന്‍ ദീപക് പ്രകാശ്
Daily News
സൗമ്യ കേസില്‍ ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയെന്ന് അഭിഭാഷകന്‍ ദീപക് പ്രകാശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2016, 7:25 pm

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് സൗമ്യ കേസില്‍ ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട് വന്ന കേസില്‍ സൗമ്യയ്ക്ക് നീതി ലഭിക്കണമെന്ന സാമൂഹിക ബോധത്തിന്റെ പുറത്താണ് ആ വിഷയത്തില്‍ താന്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ന്യൂദല്‍ഹി: സൗമ്യ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥ എ.ഡി.ജി.പി സന്ധ്യയ്‌ക്കൊപ്പം ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചതു സംബന്ധിച്ചുവന്ന വാര്‍ത്തയോട് പ്രതികരിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ്.

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് സൗമ്യ കേസില്‍ ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട് വന്ന കേസില്‍ സൗമ്യയ്ക്ക് നീതി ലഭിക്കണമെന്ന സാമൂഹിക ബോധത്തിന്റെ പുറത്താണ് ആ വിഷയത്തില്‍ താന്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗമ്യ കേസില്‍ ജസ്റ്റിസ് കട്ജുവിനോട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമയത്ത് താനും കോടതിയില്‍ ഉണ്ടായിരുന്നു. ഈ സമയം എ.ഡി.ജി.പി സന്ധ്യ ജസ്റ്റിസ് കട്ജുവിനെ ഒന്ന് കാണാനൊക്കുമോ എന്ന് തന്നോട് ചോദിക്കുകയായിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹത്തെ കാണാന്‍ പോയത്.

സൗമ്യ കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കിയ വിചാരണക്കോടതി ജഡ്ജി കെ. രവീന്ദ്രബാബു തങ്ങള്‍ക്കൊപ്പം വന്നുവെന്ന എന്ന ആരോപണം തെറ്റാണെന്നും ദീപക് പ്രകാശ് പറഞ്ഞു. തങ്ങള്‍ കട്ജുവിന്റെ വസതിയിലെത്തുമ്പോള്‍ കെ. രവീന്ദ്രബാബു  നേരത്തെ അവിടെയുണ്ടായിരുന്നു. തങ്ങള്‍ക്കൊപ്പമല്ല ജഡ്ജി അവിടെ എത്തിയത്.

ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചത് മന്ത്രി ബാലന്റെ നിര്‍ദേശപ്രകാരമല്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് ഈ സന്ദര്‍ശനത്തെ കുറിച്ച് അറിയുക പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ രാഷ്ട്രീയ ഇടപെടലുകളോ മന്ത്രി ബാലന്റെ ഇടപെടലോ ഉണ്ടായിട്ടില്ല. മന്ത്രിയുമായി തനിക്ക് വ്യക്തിപരമായി അടുത്ത ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം അനുഭാവിയായ താന്‍ പാര്‍ട്ടിപരിപാടികളോടനുബന്ധിച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അല്ലാതെ മറ്റൊരു പരിചയവും മന്ത്രിയുമായി ഇല്ല, ദീപക് പറഞ്ഞു.

കൂടാതെ താന്‍ 21 വര്‍ഷത്തെ സര്‍വ്വീസുള്ള അഭിഭാഷകനാണെന്നും ദീപക് പ്രകാശ് ചൂണ്ടിക്കാട്ടി. ഡൂള്‍ന്യൂസ് വാര്‍ത്തയില്‍ തന്നെ  ജൂനിയര്‍ അഭിഭാഷകന്‍ എന്നാണ് പറഞ്ഞിരുന്നത്. 1995ല്‍ എന്റോള്‍ ചെയ്ത താന്‍ കേന്ദ്രസര്‍ക്കാരിന്റെ എ പാനല്‍ അഭിഭാഷകനാണെന്നും അദ്ദേഹം പറഞ്ഞു. യു.പി സര്‍ക്കാരിനായി നിരവധി കേസുകളില്‍ താന്‍ ഹാജരായിട്ടുണ്ട്. കൂടാതെ ദല്‍ഹി സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കൂടിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കേരളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ താന്‍ സുപ്രീംകോടതിയില്‍ വാദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ നല്‍കിയ എന്‍ഡോസള്‍ഫാന്‍ കേസ്, ബാലകൃഷ്ണപിള്ള-വി.എസ് കേസ്, മാതാ അമൃതാനന്ദമയിയുമായി ബന്ധപ്പെട്ട ഗെയ്ല്‍ ട്രെഡ്‌വെല്‍ കേസ്, മാലാപ്പറമ്പ് സ്‌കൂള്‍ കേസ് എന്നിവയടക്കം നിരവധി കേസുകള്‍ വാദിച്ചത് താനായിരുന്നുവെന്നും ദീപക് പ്രകാശ് പറഞ്ഞു.