| Tuesday, 12th April 2022, 5:20 pm

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ട്; കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു: ബി.എ. ആളൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ബി.എ. ആളൂര്‍. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു.

തെളിവ് നശിപ്പിക്കലോ സാക്ഷികളെ സ്വാധീനിക്കലോ ചെയ്താല്‍ ജാമ്യം റദ്ദാക്കാനുള്ള അവകാശം കീഴ്ക്കോടതിക്ക് നല്‍കി കൊണ്ടായിരിക്കണം ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുക. ഈ സാഹചര്യത്തില്‍ കീഴ്ക്കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. പെട്ടെന്ന് ഒരു അപേക്ഷ കൊടുത്തത് കൊണ്ട് ജാമ്യം റദ്ദാക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കീഴ്ക്കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. പെട്ടെന്ന് ഒരു അപേക്ഷ കൊടുത്തത് കൊണ്ട് ജാമ്യം റദ്ദാക്കണമെന്നില്ല. എല്ലാ സാഹചര്യങ്ങളും നോക്കി, അത് പ്രോസിക്യൂഷന് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടും. സാഹചര്യങ്ങള്‍ പ്രതിക്ക് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കുക എന്ന നടപടികളിലേക്ക് കോടതി കടക്കില്ല. കൂടുതല്‍ നിബന്ധനകള്‍ വെച്ച് കൊണ്ട് ജാമ്യം നീട്ടി കൊടുക്കാനും കോടതിക്ക് സാധിക്കും.

കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായ് ശങ്കര്‍. സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പല സാക്ഷികളെയും ചോദ്യം ചെയ്യും. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ പുറത്തുകൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണക്കോടതി തടവുകാരനാക്കുന്നത് അത്യാവശ്യമാണെന്ന് പറഞ്ഞ്, കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാലും ജാമ്യം റദ്ദാക്കപ്പെടും,’ ബി.എ. ആളൂര്‍ പറഞ്ഞു.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി.

ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഇതില്‍ പീച്ചി പൊലീസും, കാസറഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും.

Content Highlights: Adv. BA Aloor says against Dileep in actress attack case bail

We use cookies to give you the best possible experience. Learn more