തൊഴിലിടത്തിലേക്ക് വരുന്ന അമ്മയും കുഞ്ഞും
DISCOURSE
തൊഴിലിടത്തിലേക്ക് വരുന്ന അമ്മയും കുഞ്ഞും
അഡ്വ. ഐഷ പി. ജമാല്‍
Sunday, 17th September 2023, 5:10 pm

 

കുട്ടികളുടെ ഉത്തരവാദിത്തം അമ്മമാരിലേക്ക് കേന്ദ്രീകരിക്കുന്നത് ശരിയാണെന്ന അഭിപ്രായമില്ല. തൊഴിലെടുക്കുന്ന സ്ത്രീകള്‍ വീട്ടുജോലിയും കുടുംബ ഉത്തരവാദിത്തവും മുഴുവന്‍ തീര്‍ത്ത് ജോലി സ്ഥലത്തേക്ക് പോകണം എന്ന് വാദിക്കുന്ന വ്യവസ്ഥ ഇപ്പോഴുമുണ്ട്.

പ്രസവശേഷം 6 മാസക്കാലം മുലപ്പാല്‍ മാത്രം കുഞ്ഞിന് നല്‍കുന്നതാണ് ഉചിതമെന്ന അഭിപ്രായം ആരോഗ്യരംഗത്തുണ്ട്. സ്വാഭാവികമായും ആ കാലയളവില്‍ അമ്മയുടെ സാന്നിധ്യം കുട്ടിക്ക് ആവശ്യമാണ്.

അതുകൊണ്ട് കൂടിയാണ് Maternity Benefit Actല്‍ 6 മാസം പ്രസവനന്തര അവധി നിയമമാക്കി മാറ്റിയിരിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ കഴിയാത്ത ധാരാളം മേഖലകള്‍ ഇപ്പോഴുമുണ്ട്. ഈ കാലയളവില്‍ സാമ്പത്തിക ആനുകൂല്യം ലഭിക്കാത്ത അമ്മമാര്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടാകുന്നു.

അഭിഭാഷകരായാലും, ബിസിനസ് ചെയ്യുന്ന സ്ത്രീകളായാലും അവര്‍ ദീര്‍ഘകാലം ജോലിയില്‍ നിന്ന് വിട്ട് നിന്നാല്‍ വളര്‍ച്ചയെ ബാധിക്കും.
രാഷ്ട്രീയപ്രവര്‍ത്തകരുടെ അവസ്ഥ അതിലും പ്രയാസകരമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അഞ്ച് വര്‍ഷ കാലയളവില്‍ പ്രസവത്തിനായി 6 മാസം ജനസേവനത്തില്‍ നിന്ന് വിട്ട് നിന്നാല്‍ നേരിടേണ്ടി വരുന്ന ആരോപണങ്ങള്‍ നിസ്സാരമല്ല.

അതുകൊണ്ട് കൂടിയാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് തൊഴിലിടത്തിലേക്ക് മേയര്‍ക്ക് വരേണ്ടി വന്നത്. സ്വാഭാവികമായും അവര്‍ ഒറ്റക്കാവില്ല, അവരുടെ സഹായികളായി മറ്റാരെങ്കിലും കൂടെയുണ്ടാകും. അതിനിടയില്‍ കുഞ്ഞിനെ എടുത്തപ്പോളുള്ള ചിത്രമാകാം ഇപ്പോള്‍ പ്രചരിക്കുന്നത്.

 

കുഞ്ഞിനെയുമെടുത്ത് ഒരു ദിവസം മുഴുവനുള്ള ജോലി ചെയ്യുകയെന്നത് ക്രൂരമാണ്. കുഞ്ഞിനോടുള്ള ക്രൂരത മാത്രമല്ല, അമ്മയോടുമുള്ള ക്രൂരതയാണ്.
പഴയ കാലത്ത് പണിയെടുത്തിരുന്ന സ്ത്രീകള്‍ കുഞ്ഞിനെ നിലത്ത് കുഴി കുത്തി അതില്‍ കിടത്തിയാണ് പണി ചെയ്തിരുന്നതെന്ന് ചരിത്രം പറയുന്നുണ്ട്. അത് പോലെ കുഞ്ഞിനെ പുറത്ത് തുണി കെട്ടി ചേര്‍ത്ത് വെച്ച് തേയില നുള്ളുന്ന സ്ത്രീകളുടെ ചരിത്രവും വാര്‍ത്തമാനവും ഇപ്പോഴും ചിത്രങ്ങളായി തന്നെ കാണാം

സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നമുക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുവാനുള്ള ഇടങ്ങള്‍ തൊഴിലിടങ്ങളുടെ ഭാഗമാക്കേണ്ടിയിരിക്കുന്നു. അത് വഴി മാതാപിതാക്കള്‍ക്ക് തനിച്ചായി പോകുന്ന കുഞ്ഞുങ്ങളെ കുറിച്ച് ആലോചിക്കാതെ തങ്ങളുടെ തൊഴിലിടങ്ങളില്‍ മനസമാധാനത്തോടെ ജോലി ചെയ്യാന്‍ സാധ്യമാകണം.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേരളത്തിലെ ഒരു കോടതിയില്‍ പോലും ഈ സംവിധാനമില്ല (subject to correction). കോഴിക്കോട് ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രഷ് ആരംഭിച്ചതായി വാര്‍ത്ത കണ്ടിരുന്നുവെങ്കിലും.

മനസമാധാനത്തോടെ ശ്രദ്ധയൂന്നി ഫയലുകള്‍ നോക്കാന്‍ മേയര്‍ക്ക് സാധ്യമാകാനുള്ള സാഹചര്യം ഇവിടെ ഉണ്ടാകട്ടെ, അത് പോലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും സാധ്യമാകട്ടെ.

പോസ്റ്റ് വായിച്ച് പുരുഷന് കുഞ്ഞിന്റെ ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് ധരിക്കരുത്. പാലൂട്ടാന്‍ അല്ലാത്ത മുഴുവന്‍ കാര്യങ്ങളും പിതാവിന് സാധ്യമാണ്. സ്വന്തം കുഞ്ഞിന്റെ ഉത്തരവാദിത്തം പങ്കിട്ടെടുക്കാനുള്ള മനോനില പിതാവിനും ഉണ്ടാകേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

 

Content highlight: Adv Aisha P Jamal about mothers in work place