മുന്‍മന്ത്രി എ സുജനപാല്‍ അന്തരിച്ചു
Kerala
മുന്‍മന്ത്രി എ സുജനപാല്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Jun 23, 03:16 am
Thursday, 23rd June 2011, 8:46 am

കോഴിക്കോട്: രാഷ്ട്രീയരംഗത്തും കലാസാംസ്‌കാരികരംഗത്തും സജീവമായിരുന്ന മുന്‍മന്ത്രി എ സുജനപാല്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു.

ദീര്‍ഘനാളായി അര്‍ബുദചികില്‍സയിലായിരുന്നു സുജനപാല്‍. മൃതദേഹം 10 മണിയ്ക്ക് കോഴിക്കോട് ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.

വിദ്യാര്‍ത്ഥിപ്രസ്ഥാനമായ കെ.സ്.യു വിലൂടെയായിരുന്നു സുജനപാലിന്റെ രാഷ്ട്രീയപ്രവേശം.  പിന്നീട് യൂത്ത് കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സിന്റെയും സംസ്ഥാനഭാരവാഹിയായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ ആദ്യമന്ത്രിസഭയിലെ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനു പുറമെ കലാസാംസ്‌കാരികരംഗത്തും നിറസാന്നിധ്യമായിരുന്നു സുജനപാല്‍. കലാസാഹിത്യസമിതി അംഗമായ സുജനപാല്‍ ഗാന്ധിസം, മൂന്നാംലോകം, പൊരുതുന്ന പലസ്തീന്‍, ബെര്‍ലിന്‍ മതിലുകള്‍ എന്നീ കൃതികളുടെ കര്‍ത്താവു കൂടിയാണ്.

സംസ്‌കാരം നാളെ 12 മണിയ്ക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.