കാത്തിരിപ്പിന് വിരാമം; ആടുജീവിതത്തിന്റെ പുതിയ റിലീസ് ഡേറ്റ്
സിനിമാപ്രേമികള്‍ വർഷങ്ങളായി ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മാർച്ച് 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
‘വായനയുടെ 16 വർഷങ്ങൾ, ദൃശ്യഭാഷയ്ക്ക് 10 വർഷങ്ങൾ, ആറുവർഷം നീണ്ട ചിത്രീകരണം’ എന്ന പോസ്റ്ററിൽ കാത്തിരിപ്പിന് നീളം കുറയുന്നു മാർച്ച് 28ന് ലോകമെമ്പാടും തിയേറ്ററുകളിൽ എന്നാണ് അറിയിച്ചിട്ടുള്ളത്. പോസ്റ്റർ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്
ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. 2017ല്‍ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് 2023ലാണ് അവസാനിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയ്‌ലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. തെലുങ്ക് സൂപ്പര്‍താരം പ്രഭാസായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, സുനില്‍ കെ.എസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നു. ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.
Content Highlight: Adujeevitham movie’s release date changed