2024 യൂറോ കപ്പ് അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സെമി ഫൈനലില്‍ നാല് ടീമുകള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ആദ്യ സെമി ഫൈനലില്‍ സ്പെയിന്‍ ഫ്രാന്‍സിനെയും രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് നെതര്‍ലാന്‍ഡ്സിനെയുമാണ് നേരിടുക.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇത്തവണ കിരീടം നേടാതെയാണ് മടങ്ങിയത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-3 എന്ന സ്‌കോറിന് പരാജയപ്പെട്ടുകൊണ്ടാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്നും പുറത്തായത്.
ഇപ്പോഴിതാ റൊണാള്‍ഡോയുടെ വിരമിക്കലിനെ കുറിച്ച് രസകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ചെല്‍സി താരം അഡ്രിയാന്‍ മുട്ടു. എന്തുകൊണ്ടാണ് റൊണാള്‍ഡോ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ഒന്നും പറയാത്തത് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുന്‍ ചെല്‍സി താരത്തിന്റെ മറുപടി.
റൊണാള്‍ഡോ തന്റെ മകനോടൊപ്പം ഒരു ഔദ്യോഗിക ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അഡ്രിയാന്‍ പറഞ്ഞത്.
‘ഫുട്‌ബോളില്‍ റൊണാള്‍ഡോ തന്റെ മകനുമായി ഒരു ഔദ്യോഗിക മത്സരം കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അവന്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാത്തത്. അല്‍ നസറില്‍ ഇത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നു. റൊണാള്‍ഡോ മറ്റേതെങ്കിലും ടീമില്‍ ആണെങ്കില്‍ പ്രത്യേകിച്ച് റയല്‍ മാഡ്രിനെപ്പോലുള്ള ടീം ആണെങ്കില്‍ അവര്‍ തമ്മില്‍ ഒരുമിച്ച് കളിക്കുക എന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് അസാധ്യമായിട്ടുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല,’ അഡ്രിയാന്‍ മുട്ടു അയാം സ്പോര്‍ട്‌സിലൂടെ പറഞ്ഞു.
നിലവില്‍ റൊണാള്‍ഡോയുടെ മകനായ ക്രിസ്റ്റ്യാനോ ജൂനിയറിന് 14 വയസാണ് പ്രായമുള്ളത്. നിലവില്‍ ക്ലബ്ബായ അക്കാദമിയിലാണ് റൊണാള്‍ഡോ ജൂനിയര്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ അല്‍നസര്‍ സീനിയർ ടീമിനുവേണ്ടി അരങ്ങേറ്റം കുറിക്കണമെങ്കില്‍ റൊണാള്‍ഡോയുടെ മകന് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഇത്രയും കാലം റൊണാള്‍ഡോക്ക് കളിക്കളത്തില്‍ പ്രായം തളര്‍ത്താതെ പോരാടാന്‍ സാധിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.
2026 ഫിഫ ലോകകപ്പില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനൊപ്പം പന്ത് തട്ടാന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും വന്‍തോതില്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം ഈ യൂറോ കപ്പില്‍ റൊണാള്‍ഡോയ്ക്ക് ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു യൂറോകപ്പിന്റെ പതിപ്പില്‍ റൊണാള്‍ഡോക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോകുന്നത്. ഈ യൂറോയില്‍ 23 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അല്‍ നസര്‍ നായകന്‍ ഉതിര്‍ത്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒന്നും തന്നെ ഗോളാക്കി മാറ്റാന്‍ റൊണാള്‍ഡോക്ക് സാധിച്ചില്ല.
ഈ യൂറോയില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോക്ക് നേടാന്‍ സാധിച്ചത്. പോര്‍ച്ചുഗല്‍ സൂപ്പര്‍താരത്തിന്റെ യൂറോയിലെ എട്ടാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ഇതോടെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന പ്രായം കൂടിയ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.
Content Highlight: Adriyan Mutu Talks about Cristaino Ronaldo Retirement