കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിഡ് ഫീല്‍ഡിങ് താരം അഡ്രിയാന്‍ ലൂണ സൂപ്പര്‍കപ്പിനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ താരം ഹീറോ സൂപ്പര്‍ കപ്പ് കളിക്കില്ലെന്ന് കെ.ബി.എഫ്.സി ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ അഡ്രിയാന്‍ ലൂണയുടെ അവധി നീട്ടിയിരിക്കുകയാണെന്നും അതുകൊണ്ട് അദ്ദേഹം ഹീറോ സൂപ്പര്‍ കപ്പിന്റെ വരാനിരിക്കുന്ന പതിപ്പില്‍ പങ്കെടുക്കില്ലെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. മത്സരത്തിന്റെ പ്രാധാന്യം മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ ലൂണയുടെ ആവശ്യത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ലൂണ ഉടന്‍ തന്നെ ടീമിലെക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രസ്താവനയിലുണ്ട്.
കഴിഞ്ഞ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ പോയ രണ്ട് സീസണുകളിലും ഉജ്ജ്വല പ്രകടനമായിരുന്നു ടീമിനായി പുറത്തെടുത്തത്. ഈ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സീസണിലെ മികച്ച താരമായി തെരഞ്ഞെടുത്തതും ലൂണയെ ആയിരുന്നു.
അതേസമയം, നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍ കപ്പ് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നത്. കോഴിക്കോടും മലപ്പുറത്തുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി, ബെംഗളൂരു എഫ്.സി, യോഗ്യത റൗണ്ട് ജയിച്ചെത്തുന്ന ടീം എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക. അടുത്ത മാസം എട്ടാം തീയതി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിക്കെതിരെയാണ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ശേഷം വലിയ തിരിച്ചടികളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മേല്‍ പതിക്കുന്നത്. ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിക്കെതിരായ നോക്കൗട്ട് മത്സരത്തില്‍ കളി തീരും മുമ്പേ കളം വിട്ടതിന് കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ച് കോടി രൂപ പിഴ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിന് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
എ.ഐ.എഫ്.എഫ് ഡിസിപ്ലിനറി കോഡിലെ 56 ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബ്ലാസ്റ്റേഴ്സിനെതിരെ നടപടി. ചട്ടപ്രകാരം ഏറ്റവും കുറഞ്ഞത് ആറ് ലക്ഷം രൂപ ഫൈനോ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കുകയോ ഭാവി മത്സരങ്ങള്‍ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. ബ്ലാസ്റ്റേഴ്സിനെ ടൂര്‍ണമെന്റില്‍ നിന്നോ തുടര്‍ മത്സരങ്ങളില്‍ നിന്നോ വിലക്കാന്‍ സാധ്യതയില്ലെങ്കിലും പിഴ ഈടാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: Adrian Luna will miss Hero Super Cup 2023