ഐ.എസ്.എല്ലിന്റെ പത്താം സീസണില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തുവിട്ടത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 74ാം മിനിട്ടിലാണ് ലൂണ ഒരിക്കല്‍ക്കൂടി ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായത്. ഈ വിജയത്തിന് പിന്നാലെ ആറ് പോയിന്റുമായി മോഹന്‍ ബഗാന് പുറകിലായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് മത്സരത്തില്‍ നിന്നും ആറ് പോയിന്റ് തന്നെയാണ് മോഹന്‍ ബഗാനുമുള്ളത്.
ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിച്ച ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അഡ്രിയാന്‍ ലൂണയെ തേടിയെത്തിയിരിക്കുകയാണ്. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന രണ്ടാമത് താരം എന്ന റെക്കോഡാണ് ലൂണ സ്വന്തമാക്കിയത്.
മലയാളി താരം സി.കെ. വിനീതിനെ മറികടന്നുകൊണ്ടാണ് ലൂണ ഈ നേട്ടം സ്വന്തമാക്കിയത്. ഈ മത്സരത്തിന് മുമ്പ് 11 ഗോള്‍ വീതമടിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇരുവരും ഇടം നേടിയിരുന്നത്. എന്നാല്‍ ഈ ഗോളിന് പിന്നാലെ വിനീതിനെ മറികടന്നാണ് ലൂണ ചരിത്രമെഴുതിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ ഓള്‍ ടൈം ബെസ്റ്റ് ഗോള്‍ സ്‌കോറര്‍ എന്ന നേട്ടത്തിലേക്കും ലൂണക്ക് വൈകാതെ എത്താന്‍ സാധിക്കും. ഇതിനായി നാല് ഗോള്‍ മാത്രമാണ് ഇനി ലൂണ സ്വന്തമാക്കേണ്ടത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഓഗ്ബച്ചെയുടെ പേരിലാണ് ഈ നേട്ടമുള്ളത്.
ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങള്‍
ബെര്‍തലോമിയു ഓഗ്ബച്ചെ – 15 ഗോള്‍
അഡ്രിയാന്‍ ലൂണ – 12 ഗോള്‍
സി.കെ. വിനീത് – 11 ഗോള്‍
ഇയാന്‍ ഹ്യൂം – 10 ഗോള്‍
ദിമിത്രിയോസ് ഡയമെന്റകോസ് – 10 ഗോള്‍
സഹല്‍ അബ്ദുള്‍ സമദ് – 10 ഗോള്‍
റാഫേല്‍ മെസി ബൗലി – 8 ഗോള്‍
ജോര്‍ജ് പെരേര ഡയസ് – 8 ഗോള്‍
ആല്‍വെരോ വാസ്‌ക്വെസ് – 8 ഗോള്‍
രാഹുല്‍ കെ.പി. – 8 ഗോള്‍
അതേസമയം, ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് ബ്ലാസ്റ്റേഴ്‌സായിരുന്നു. അദ്യ പകതിയും രണ്ടാം പകുതിയിലെ ഭൂരിഭാഗ സമയവും ഗോള്‍ രഹിത സമനിലയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങളാണ് ലഭിച്ചത്.
ഗോളെന്ന് തോന്നിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ ഇരുടീമുകളുടെയും ഭാഗത്തുനിന്ന് മത്സരത്തിലുടനീളമുണ്ടായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും പ്രതിരോധിച്ചു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ കളി മുന്നേറ്റത്തിലേക്ക് വഴിമാറി. ഈ മുന്നേറ്റമാണ് 74ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിന് വഴിയൊരുക്കിയത്.
സീസണിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ ബെംഗളൂരു എഫ്.സിയെ സതേണ്‍ ഡെര്‍ബിയില്‍ തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തിലും വിജയിച്ച് കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
ഒക്ടോബര്‍ എട്ടിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍.
Content highlight: Adrian Luna surpasses CK Vineeth