Football
'ബെംഗളൂരു താരത്തിനെതിരെ കര്‍ശന നടപടി വേണം'; ബ്ലാസ്റ്റേഴ്‌സ് താരം നേരിട്ട വംശീയാധിക്ഷേപത്തില്‍ ലൂണ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 30, 12:43 pm
Saturday, 30th September 2023, 6:13 pm

കേരള ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ ദോളിങ്ങിനെതിരെ വംശീയ അധിക്ഷേപം നടത്തിയതില്‍ പ്രതികരിച്ച് ടീം ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. ബെംഗളൂരു താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ലൂണ വിഷയത്തില്‍ പ്രതികരിച്ചത്.

ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെയാണ് സംഭവം. കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാന്‍ ഡോഹ്ളിങ്ങിനെതിരെ ബെംഗളൂര്‍ എഫ്.സി താരം റയാന്‍ വില്യംസണാണ് വളരെ മോശമായ രീതിയില്‍ റേഷ്യല്‍ അബ്യൂസ് നടത്തിയത്. മത്സരത്തിന്റെ 82ാം മിനിട്ടിലാണ് സംഭവം.

ഐബാന്റെ അടുത്ത് ചെന്ന് മൂക്ക് പൊത്തിക്കൊണ്ട് റയാന്‍ താരത്തെ അധിക്ഷേപിക്കുകയായിരുന്നു. നേരത്തെ നടന്ന സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് റയാനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും രംഗത്തെത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കിയിരുന്നു. വംശീയ അധിക്ഷേപങ്ങള്‍ ഫുട്ബോളിന് നല്ലതല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബ്ലാസ്റ്റേഴ്സ് പരാതിയില്‍ പറയുന്നു. ബെംഗളൂര്‍ എഫ്.സി വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Adrian Luna reacts on Racial abuse by Bengaluru FC