| Wednesday, 20th September 2023, 9:25 pm

അഡ്രിയാന്‍ ലൂണ ഇനി പുതിയ റോളില്‍; ഐ.എസ്.എല്‍ കൊഴുപ്പിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ 29 അംഗങ്ങളാണുള്ളത്.

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്ക് എതിരെയായണ് ഈ സീസണില്‍ ടീമിന്റെ ആദ്യ പോരാട്ടം. 11 പുതിയ താരങ്ങളെയാണ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ക്ലബ്ബ് എത്തിച്ചിട്ടുള്ളത്.

ഉദ്ഘാടന മത്സരത്തിന്റെ തൊട്ടുമുമ്പായി നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനെ നയിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ ജസല്‍ കാര്‍നെയ്‌റോയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്. സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ടീം വിട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പ്രീതം കോട്ടാലിനെപ്പോലെയുള്ള താരങ്ങളുടെ വരവ് ടീമിന്റെ ശക്തി വര്‍ധിപ്പിച്ചു. മുന്നേറ്റത്തില്‍ ജപ്പാന്‍ താരം ഡൈസുകി സകായിയുടെ വരവും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

നേരത്തെയും ലൂണ ഐ.എസ്.എല്ലില്‍ മഞ്ഞപ്പടയെ നയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം സ്ഥിരം ക്യാപ്റ്റനായിരുന്നില്ല. ജെസ്സെല്‍ കാര്‍ണെയ്‌റോയുടെ അഭാവത്തിലാണ് ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ക്യാപ്റ്റനാക്കിയിരുന്നത്. ഇത്തവണ ലൂണയ്ക്ക് ലഭിച്ചിരിക്കുന്നത് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലിയാണ്. മഞ്ഞപ്പടയ്ക്ക് കിരീടം നേടിക്കൊടുക്കുന്ന ആദ്യ ക്യാപ്റ്റനായി ലൂണ മാറുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാഹുല്‍ കെ.പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നീ ആറ് കളിക്കാരാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മലയാളി താരങ്ങള്‍.

സീസണിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബിനൊപ്പം ചേരാന്‍ സാധിക്കില്ല. താരത്തിന്റെ സസ്‌പെന്‍ഷന്‍ ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് കരുത്ത് പകരും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍:

ഗോള്‍കീപ്പര്‍മാര്‍

കരണ്‍ജിത് സിങ്, ലാറ ശര്‍മ്മ, മുഹമ്മദ് അര്‍ബാസ്, സച്ചിന്‍ സുരേഷ്

പ്രധിരോധനിര

മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, റൂയിവ ഹോര്‍മിപാം, സൊറൈഷാം സന്ദീപ് സിങ്, ഐബന്‍ഭ ഡോഹ്ലിങ്, ഹുയിഡ്രോം സിങ്,

മധ്യനിര

അഡ്രിയാന്‍ ലൂണ, ബ്രൈസ് മിറാന്‍ഡ, മുഹമ്മദ് ഐമെന്‍, മുഹമ്മദ് അസ്ഹര്‍, സൗരവ് മണ്ഡല്‍, സുഖം മെയ്‌തേയ, വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, ഫ്രെഡി ലല്ലാവ്മ, ജീക്സണ്‍ സിങ്,

മുന്നേറ്റനിര

ദിമിത്രിയോസ് ഡയമന്റക്കോസ്, ഇഷാന്‍ പണ്ഡിത, ബിദ്യാഷാഗര്‍ സിങ്, ഡെയ്സുകെ സകായ്, ഖ്വാമെ പെപ്ര, നിഹാല്‍ സുധീഷ്, രാഹുല്‍ പ്രവീണ്‍.

Content Highlights: Adrian Luna is the new captain of Kerala Blasters FC

We use cookies to give you the best possible experience. Learn more