ദത്ത് നല്‍കല്‍ വിവാദം: ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ച് അനുപമ
Kerala News
ദത്ത് നല്‍കല്‍ വിവാദം: ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ച് അനുപമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th November 2021, 3:48 pm

കൊച്ചി: ദത്ത് നല്‍കല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹേബിയസ് കോര്‍പ്പസ് പിന്‍വലിക്കുകയാണെന്ന് അനുപമ ഹൈക്കോടതിയെ അറിയിച്ചു.

കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ അനുപമയുടെ ആവശ്യം.

കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ അനുപമക്ക് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടു. ഹരജി പിന്‍വലിക്കുന്ന കാര്യം കോടതിയെ അറിയിക്കും മുമ്പ് മാധ്യമങ്ങളെ അറിയിച്ചതിനാലാണ് വിമര്‍ശനമുണ്ടായത്.

അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. ഡി.എന്‍.എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിയ്ക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

അതേസമയം, കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്.

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന് ആക്ഷേപമുയര്‍ന്ന കേസില്‍ ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി നിര്‍ദേശിച്ചിരുന്നു.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്ന് കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹരജിയില്‍ ആരോപിക്കുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നല്‍കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Adoption controversy: Anupama withdraws habeas corpus