| Friday, 22nd April 2016, 1:01 pm

പറവൂര്‍ ദുരന്തം: കളക്ടര്‍ ഷൈനമോളെ ക്രൂശിക്കേണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പറവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനമോളെ ക്രൂശിക്കേണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്.

ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ ഭാഗത്ത് വീഴ്ചയില്ല. കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ല. സിസി ടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കാര്യം കൃത്യസമയത്ത് അവര്‍ കെല്‍ട്രോണിനെ അറിയിച്ചിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് കാണിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കുന്നതിന് ആഭ്യന്തരസെക്രട്ടറി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

എന്നാല്‍ കലക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ടി.പി. സെന്‍കുമാറും ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവകുപ്പുകളും തമ്മില്‍ വലിയ തര്‍ക്കവും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ കൊല്ലം കളക്ട്രേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്ന് വ്യക്തമായത്.

സിസി ടിവി പ്രവര്‍ത്തനരഹിതമായതിനാലാണ് ദൃശ്യങ്ങള്‍ പതിയാതിരുന്നതെന്നാണ് നിഗമനം. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രഭാരവാഹികള്‍ എട്ടിനും ഒന്‍പതിനും കലക്ടറേറ്റില്‍ എത്തിയതായി ക്രൈംബ്രാഞ്ചിനു വിവരമുണ്ടായിരുന്നു.

ജില്ലാ കലക്ടറുടെ ചേംബറില്‍ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം കളക്ട്രേറ്റില്‍ ചെന്നെ ക്രൈംബ്രാഞ്ച് ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തത്.

We use cookies to give you the best possible experience. Learn more