'കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളി'; ഡി.സി.സിയ്ക്ക് വീഴ്ച പറ്റിയെന്നും അടൂര്‍ പ്രകാശ്; അവസരം കിട്ടിയാല്‍ തുറന്നു പറയും
Kerala News
'കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളി'; ഡി.സി.സിയ്ക്ക് വീഴ്ച പറ്റിയെന്നും അടൂര്‍ പ്രകാശ്; അവസരം കിട്ടിയാല്‍ തുറന്നു പറയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 11:30 am

തിരുവനന്തപുരം: കോന്നിയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ പാളിച്ച സംഭവിച്ചുവെന്ന് അടൂര്‍ പ്രകാശ് എം.പി. മത്സരിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥി ആരെന്ന് ചോദിച്ചപ്പോഴാണ് താന്‍ പേര് നിര്‍ദേശിച്ചതെന്നും മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദമുണ്ടെന്നും അടുര്‍ പ്രകാശ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

സ്ഥാനാര്‍ഥി എന്ന നിലയില്‍ പി മോഹന്‍രാജിനെ പാര്‍ട്ടി തീരുമാനിച്ചു. സീനിയര്‍ ആയ നേതാവ് തന്നെയാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചപ്പോള്‍ ഞാന്‍ പൂര്‍ണ പിന്തുണയും നല്‍കിയിട്ടുണ്ട്. താന്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ കോന്നിയിലെ ജനങ്ങള്‍ അതത്രമാത്രം കാര്യമായി ഏറ്റെടുത്തില്ല എന്നും അടൂര്‍പ്രകാശ് പറഞ്ഞു. അവസരം കിട്ടിയാല്‍ സാഹചര്യങ്ങള്‍ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാതി മത ഭേതമന്യേ നിര്‍ത്താന്‍ പറ്റുന്ന വ്യക്തിയേയാണ് താന്‍ കോന്നിയില്‍ നിര്‍ദേശിച്ചത്. എവിടെയാണ് പാളിച്ച പറ്റിയതെന്ന് കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടൂര്‍ പ്രകാശിന്റെ സിറ്റിംഗ് മണ്ഡലമായ കോന്നിയില്‍ തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ