സന്തോഷ് മാധവന് ഭൂമിദാനം: അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവ്
Daily News
സന്തോഷ് മാധവന് ഭൂമിദാനം: അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2016, 12:13 pm

Adoor-prakash

മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ദാനക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ഐ.ടി. കമ്പനിയായി പറഞ്ഞിട്ടുള്ള ആര്‍.എം.ഇസഡ്. ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ബി.എം. ജയശങ്കര്‍ എന്നിവരെ ഒന്നു മുതല്‍ 5 വരെ പ്രതികളാക്കിയായിരുന്നു ഹര്‍ജി.

മുഖ്യമന്ത്രിയെ കേസില്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി 112 ഏക്കര്‍ മിച്ചഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്.

മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്തിരുന്ന വയല്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ എന്ന പേരില്‍ തിരികെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മഠത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും 2006ല്‍ വാങ്ങിയിരുന്നു. ഈ ഭൂമി 1964ലെ കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ മിച്ച ഭൂമിയായി 2009 ജനവരിയില്‍ ഏറ്റെടുത്തു.

ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തതാണ്. ഈ ഭൂമിയില്‍ ഹൈടെക് ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പിന് ഇളവ് അനുവദിച്ച് കൊണ്ട് 2016 മാര്‍ച്ച് 2 ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

എന്നാല്‍ ഈ ഉത്തരവ് വിവാദമായതോടെ 2016 മാര്‍ച്ച് 23 ന് പിന്‍വലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു.

ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളത് കൊണ്ടാണ് വിവാദ ഉത്തരവ് പിന്‍വലിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.