| Friday, 28th May 2021, 9:19 pm

കെ.പി.സി.സി അധ്യക്ഷ പദവിക്കായി എനിക്ക് വേണ്ടി പൊരുതാന്‍ സോഷ്യല്‍ മീഡിയയില്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്ന് അടൂര്‍ പ്രകാശ് എം.പി. ഏതെങ്കിലും പാര്‍ട്ടി പദവിക്കായി താന്‍ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണെന്നും അടൂര്‍ പ്രകാശ് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

‘തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ പൊരുതുവാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉള്‍പ്പെടുത്തി ഈ അടുത്ത ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പാര്‍ട്ടിയില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണ്.

എ.ഐ.സി.സി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു,’ അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ എഴുതി.

അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്.
KSU യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം MLA ആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി.
പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.
ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല.
കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് AICC നേതൃത്വമാണ്.
AICC നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Adoor Prakash MP says that there is unnecessary discussion on social media for the post of KPCC president

We use cookies to give you the best possible experience. Learn more