| Wednesday, 2nd September 2020, 4:15 pm

ഫൈസല്‍ വധശ്രമത്തില്‍ ആരുമായും ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് അടൂര്‍ പ്രകാശ്; എ.എ റഹീമിനെതിരെയും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി അടൂര്‍ പ്രകാശ് എം.പി. ഫൈസല്‍ വധശ്രമത്തില്‍ പ്രതികള്‍ക്കായി ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ അത് തെളിയിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘വ്യവസായ വകുപ്പ് മന്ത്രിയാണ് എനിക്കെതിരെ ആരോപണമുന്നയിച്ചത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഈ പ്രതികള്‍ കൊല ചെയ്തതിന് ശേഷം വിളിക്കുന്നത് എന്നെയാണ് എന്നാണ്. അതിനുള്ള മറുപടി ഞാന്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു. മറുപടി എന്ന് പറഞ്ഞാല്‍ ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഇന്നത്തെ എല്ലാ ആധുനിക സംവിധാനങ്ങളും വെച്ച് കൊണ്ട് എന്നെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ, കോള്‍ വിവരങ്ങള്‍ എടുത്ത് അങ്ങനൊരു സംഭവംഉണ്ടായിട്ടുണ്ടോ, അതില്‍ ഞാന്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ എന്നും പറയാന്‍ പറ്റണം. അതല്ലാതെ വെറുതെ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല,’അടൂര്‍ പ്രകാശ് പറഞ്ഞു.

മനോരമ ചാനലില്‍ ആവര്‍ത്തിച്ച് തന്നോട് ചോദിച്ചിരുന്ന ഒരു കാര്യം താന്‍ ഒരു കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് കൊണ്ട് ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്നാണ്. എം.പിയായിട്ട് താന്‍ ഒന്നേകാല്‍ വര്‍ഷം ആകുന്നേയുള്ളു. ആ കാലയളവിനുള്ളില്‍ നിരവധി പേര്‍ തന്നെ വിളിച്ചിട്ടുണ്ട്. അതില്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും അത് മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ന്യായമാണ് എന്ന് തോന്നുന്ന ബന്ധപ്പെടേണ്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് താന്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയിലടക്കം പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

മന്ത്രി ഇ. പി ജയരാജന്‍ അടൂര്‍ പ്രകാശിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ കൊലക്കേസിലെ പ്രതി ഷജിത്തിന്റെ ശബ്ദ രേഖ ഡിവൈ.എഫ്.ഐ പുറത്തു വിട്ടിരുന്നു.

ഫൈസലിനെ ആക്രമിച്ച കേസിലെ എഫ്.ഐ.ആറില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും എം.പി എല്ലാം ശരിയാക്കിയെന്നുമാണ് ഷജിത്ത് പറയുന്നത്. ഈ എം.പി അടൂര്‍ പ്രകാശ് ആണെന്നാണ് ഉയര്‍ന്നുവന്ന ആരോപണം.

അതേസമയം തനിക്കെതിരെ സി.പി.ഐ.എം ആസൂത്രിത നീക്കം നടത്തുകയാണെന്നും അറസ്റ്റിലായവര്‍ക്ക് സി.പി.ഐ.എമ്മുമായാണ് ബന്ധമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഫൈസല്‍ വധശ്രമവുമായി ബന്ധപ്പെട്ട് താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി. കെ മുരളിയുടെ മകനുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീമിനെതിരെയും അടൂര്‍ ആരോപണമുന്നയിച്ചു. കൊലപാതകം നടന്ന ദിവസം റഹിം അര്‍ധരാത്രിയില്‍ പൊലീസ് സ്റ്റഷേനില്‍ എത്തിയെന്നും ആടൂര്‍ പ്രകാശ് ആരോപിച്ചു. 2.45നാണ് എത്തിയത്. ഷഹീന്റെ മൊഴി എടുക്കുന്നതിനിടയിലാണ് എത്തിയതെന്നും അതിനിടയില്‍ റഹീം നിര്‍ദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സി.ബി.ഐ അന്വേഷിക്കട്ടെയെന്നും കേസില്‍ ഉള്‍പ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട് റൂറല്‍ എസ്.പിക്ക് രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നും സ്റ്റേഷന്‍ ഭരിക്കുന്നത് എസ്.പി ഒറ്റയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്. രാത്രി 11.10ഓടെയാണ് ആക്രമണമുണ്ടാവുന്നത്. 10.45ഓടു കൂടി തന്നെ അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Adoor Prakash MP allegation against AA Rahim and repeats that he has no connection with accused

We use cookies to give you the best possible experience. Learn more