തിരുവന്തപുരം: ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയുള്ള സിനിമകളുടെ റിലീസിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ എന്നത് ആളുകള്‍ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണെന്നും അല്ലാതെ ഒറ്റയ്ക്ക് കാണേണ്ട ഒന്നല്ലെന്നും മൊബൈലിലോ വാച്ചിലോ കാണേണ്ട കലയല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തില്‍ ഒരു ജന്മമുണ്ട്, അതൊരു നികൃഷ്ട ജന്മമാണ് എന്നും അടൂര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു. നല്ല തിയറ്ററില്‍ നല്ല പ്രൊജക്ഷനോടെ നല്ല ശബ്ദത്തോടെ നല്ല ഓഡിയന്‍സുമായി ഇരുന്ന് കാണുന്നത് ആണ് സിനിമയെന്ന സങ്കല്‍പ്പം തന്നെ. ഇപ്പോഴത്തെ കാര്‍മേഘം ആവൃതമായിരിക്കുന്ന സമയം കഴിഞ്ഞാല്‍ എല്ലാം മാറും. സിനിമയ്ക്ക് തിയറ്റര്‍ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ നാടകം പോലെയോ ടെലിവിഷന്‍ പ്രോഗ്രാം പോലെയോ അല്ല. സിനിമയ്ക്ക് ഒരു ധ്യാനം വേണം. അത് പ്രേക്ഷകര്‍ക്കുമുണ്ട്. അതുകൊണ്ട് യഥാര്‍ഥമായ സാഹചര്യം തിയറ്ററും ടിക്കറ്റ് എടുത്തുവരുന്ന പ്രേക്ഷകനും കൂടി ചേര്‍ന്നതാണ്. അല്ലാതെ ചെറിയ ഉപകരണങ്ങളില്‍ ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.