തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നേരിട്ടെന്നുള്ള കാര്യം പച്ചക്കള്ളമാണെന്ന് തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ജാതി വില്‍പനക്ക് സാധ്യതയുള്ള സംഗതിയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത് ചിലര്‍ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍.
‘കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചക്കായി ഞാന്‍ ആത്മാര്‍ത്ഥമായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനും തന്നോടൊപ്പം ഈ വിഷയത്തില്‍ അഹോരാത്രം പണിയെടുത്തു. സിനിമ മേഖലയില്‍ വലിയ മുന്‍പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
അപ്പോഴൊന്നും എന്തെങ്കിലും പരാതി അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിട്ടില്ല. നാല് പതിറ്റാണ്ട് കാലം അദ്ദേഹം സര്‍ക്കാര്‍ സേവനം നടത്തി. ചലചിത്ര മേഖലയില്‍ ശങ്കര്‍ മോഹനോളം അറിവും പരിചയവുമുള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല.