|

മമ്മൂട്ടി എന്ന നടന് സിനിമയോടുള്ള സമീപനം രേഖപ്പെടുത്തിയ ചിത്രമാണ് അത്: അടൂര്‍ ഗോപാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളില്‍ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ്. നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടന്‍ കൂടിയാണ് മമ്മൂട്ടി.

ഒരു താരം എന്നതിലുപരി നല്ലൊരു നടനാകാന്‍ ആഗ്രഹിക്കുന്ന അഭിനേതാവാണ് അദ്ദേഹം. സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മലയാള സിനിമയിലെ നവ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

തന്റെ സിനിമകളില്‍ മമ്മൂട്ടി ഒഴികെ മറ്റൊരു നടനും ഒന്നില്‍ കൂടുതല്‍ തവണ നായകനായി അഭിനയിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മമ്മൂട്ടി തന്റെ കൂടെ ആദ്യമായി അഭിനയിച്ച ചിത്രമായ അനന്തരത്തില്‍ നായക തുല്യമായ വേഷമായിരുന്നു അദ്ദേഹം ചെയ്തതെന്നും പിന്നീട് മതിലുകളിലും വിധേയനിലും മമ്മൂട്ടി അഭിനയിച്ചെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റാരും ചെയ്യാന്‍ തയ്യാറാകാത്ത വേഷമാണ് വിധേയനിലെ ഭാസ്‌കര്‍ പട്ടേലര്‍ എന്നും ദുഷ്ടനായിട്ടുള്ള കഥാപാത്രം അന്നത്തെ റൊമാന്റിക് ഹീറോയായിട്ടുള്ള മമ്മൂട്ടി ചെയ്യുന്നത് തന്നെ സിനിമയോടുള്ള മമ്മൂട്ടിയുടെ സമീപനം കൃത്യമായി രേഖപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.

‘എന്റെ സിനിമകളില്‍ ഒന്നില്‍ കൂടുതല്‍ ഒരു നടന്‍ നായക വേഷങ്ങളില്‍ അഭിനയിച്ചിട്ടില്ല. മമ്മൂട്ടി ഒഴികെ. മമ്മൂട്ടി ആദ്യമായി എന്റെ കൂടെ അഭിനയിച്ച സിനിമ അനന്തരമായിരുന്നു. ആ ചിത്രത്തില്‍ സത്യത്തില്‍ മമ്മൂട്ടിക്ക് നായക വേഷം ആയിരുന്നില്ല. നായകന്റെ അത്ര തന്നെ തുല്യ പ്രാധാന്യമുള്ള വേഷമായിരുന്നു.

പണം ഉണ്ടാക്കനുള്ള മാര്‍ഗമായല്ല മമ്മൂട്ടി നേരത്തെയും ഇപ്പോഴും എല്ലാം സിനിമയെ കണ്ടുകൊണ്ടിരിക്കുന്നത്. പിന്നീട് വന്ന എന്റെ രണ്ട് പ്രധാനപ്പെട്ട സിനിമകളിലും മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളില്‍ ബഷീറായി അഭിനയിച്ചത് മമ്മൂട്ടി ആണ്. ആ വേഷം ചെയ്യാന്‍ മമ്മൂട്ടി വളരെ ത്രില്ലില്‍ ആയിരുന്നു. അത് ചെയ്യാന്‍ കഴിയട്ടെയെന്ന് എന്നോട് ഇടക്കിടക്ക് പറയുമായിരുന്നു.

അതിനടുത്ത് വന്നത് ഒരു നായകനും ഒരിക്കലും ചെയ്യാന്‍ തയ്യാറാകാത്ത ഭാസ്‌കര്‍ പട്ടേലര്‍ എന്ന് പറയുന്ന ഒരുതരം വില്ലന്‍ കഥാപാത്രം. വളരെ ദുഷ്ടനായിട്ടുള്ള കഥാപാത്രം അന്നത്തെ റൊമാന്റിക് ഹീറോയായിട്ടുള്ള മമ്മൂട്ടി ചെയ്യുന്നത് തന്നെ അദ്ദേഹത്തിന് സിനിമയോടുള്ള സമീപനം കൃത്യമായി രേഖപ്പെടുത്തുന്നതാണ്,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

Content Highlight: Adoor Gopalakrishnan Talks About Mammootty In Vidheyan Movie

Video Stories