| Thursday, 15th December 2022, 5:34 pm

ഒ.ടി.ടിയില്‍ സിനിമ കാണാറില്ല, ഫോണിലോ ലാപ്‌ടോപ്പിലോ കാണാനല്ല ഞാന്‍ സിനിമ ചെയ്യുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ടി.ടിയില്‍ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റാണെന്നും അത് തിയേറ്ററിലാണ് കാണേണ്ടതെന്നും അടൂര്‍ പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം.

‘ഞാന്‍ ഒ.ടി.ടിയില്‍ സിനിമ കാണില്ല. കാരണം സെല്‍ഫോണിലോ ലാപ്‌ടോപ്പിലോ കാണാന്‍ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതില്‍ വിശ്വസിക്കുന്നില്ല. സിനിമ ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റാണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തിയേറ്ററിലാണ് കാണേണ്ടത്. ടി.വി പോലും ഒരു കോംപ്രമൈസാണ്. തിയേറ്റര്‍ റിലീസിന് ശേഷം ഒരു സമയം കഴിയുമ്പോള്‍ ദൂരദര്‍ശനില്‍ സിനിമ കാണിക്കാറുണ്ടായിരുന്നു. ഇന്ന് ആളുകള്‍ ടിവിയില്‍ കാണിക്കുന്നതിന് വേണ്ടി മാത്രം സിനിമ നിര്‍മിക്കുന്നുണ്ട്. അത് സിനിമയെ നശിപ്പിക്കും.

രണ്ട് വര്‍ഷം കൊവിഡ് നമ്മെ വീടിനുള്ളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരാക്കി. വീടിനുള്ളില്‍ തന്നെ വിനോദം എത്തിക്കുക എന്ന സ്ഥിതി അങ്ങനെയാണ് ഉണ്ടായത്. എന്നാല്‍ നിലനില്‍പ്പിന് വേണ്ടി സിനിമ ഒരിക്കലും ചെറിയ സ്‌ക്രീനിനെ ആശ്രയിക്കരുത്. ഇന്ന് ഹോളിവുഡ് പോലും ഈ അവസ്ഥയെ ഭയപ്പെടുന്നുണ്ട്.

ഞാന്‍ ട്രെയിനില്‍ നോര്‍ത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ കടല വില്‍ക്കുന്ന കച്ചവടക്കാരെ കണ്ടിട്ടുണ്ട്. യാത്രക്കിടയില്‍ കടല കൊറിക്കുന്നത് ടൈംപാസാണ് എന്നാണവര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ സമയം കൊല്ലാനുള്ള മാര്‍ഗമായാണ് അവര്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത്. സിനിമയെ ടൈംപാസായി കരുതാനാവില്ല.

സൂപ്പര്‍ സെന്‍സറിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ആദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സിനിമയെ സെന്‍സര്‍ ചെയ്യും. പിന്നെ സോഷ്യല്‍ മീഡിയയില്‍ അദൃശ്യമായ ഒരു സെന്‍സെറിങ് അന്തരീക്ഷമുണ്ട്. ഇത് എന്തൊരു പരിഹാസ്യമായ അവസ്ഥയാണ്. സിനിമയെ വിധിക്കാന്‍ ഇവരാരാണ്? എന്നെ സംബന്ധിച്ചിടത്തോളം ഇവര്‍ സാമൂഹിക വിരുദ്ധരാണ്. കലാകാരനെ വിശ്വാസമില്ലാത്ത സാഹചര്യം വളരെ മോശമാണ്.

സിനിമയെ പ്രൊപഗണ്ടയായി ഉപയോഗിക്കുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ലാതായി മാറിയിരിക്കുന്നു. അത് വളരെ സന്തോഷകരമായ ഒരു സാഹചര്യമല്ല. ഒരു ഉപകരണമെന്ന നിലയില്‍ പ്രൊപഗണ്ട പ്രചരണം സിനിമയ്ക്ക് പുത്തരിയല്ല. ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയന്‍ അത് വളരെ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ ഗ്രാമര്‍ രൂപപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും ചെയ്ത സെര്‍ജി ഐസന്‍സ്റ്റീനെപ്പോലുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയത്,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlight: adoor gopalakrishnan talks about cinema releasing in ott

We use cookies to give you the best possible experience. Learn more