തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ഥിതി ഇത്രയും ഗുരുതരമാകാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ഈ സമരം മരണമോ ജീവിതമോ ആണ്. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. കര്‍ഷകരാണ് രാജ്യത്തെ സേവിക്കുന്ന യഥാര്‍ത്ഥ പൗരന്‍മാര്‍. അവരുടെ പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ അത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും, അടൂര്‍ പറഞ്ഞു.
നേരത്തെ കര്‍ഷക സമരത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരം ആരംഭിച്ച് സമരം ശക്തമാക്കാനൊരുങ്ങവെയാണ് സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.
കര്‍ഷക സമരത്തിന് പിന്നില്‍ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ പറഞ്ഞത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ലെഫ്റ്റിസ്റ്റ് ജാതിയില്‍പെടുന്നവരാണെന്നായിരുന്നു കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. ഇവര്‍ തന്നെയാണ് കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണമെന്നും സി.എ.എ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.
കര്‍ഷകര്‍ ഡിസംബര്‍ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഞായറാഴ്ചയാണ് കര്‍ഷകര്‍ രണ്ടാംഘട്ട സമരത്തിന് തുടക്കമിട്ടത്. രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Adoor Gopalakrishnan Supports Farmers March