വനിതാ ജീവനക്കാര്‍ ഡബ്ല്യു.സി.സി അംഗങ്ങളെപ്പോലെ ഉടുത്തൊരുങ്ങി വരുന്നെന്ന് അടൂര്‍; മുഖ്യമന്ത്രി നിയോഗിച്ച സമിതിയുടെ തെളിവെടുപ്പ് ഇന്ന്
Kerala News
വനിതാ ജീവനക്കാര്‍ ഡബ്ല്യു.സി.സി അംഗങ്ങളെപ്പോലെ ഉടുത്തൊരുങ്ങി വരുന്നെന്ന് അടൂര്‍; മുഖ്യമന്ത്രി നിയോഗിച്ച സമിതിയുടെ തെളിവെടുപ്പ് ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2023, 8:16 am

കോട്ടയം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ചൊവ്വാഴ്ച നടക്കും. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതി കോട്ടയം കളക്ടറേറ്റിലണ് സിറ്റിങ് നടത്തുക.

രാവിലെ 11ന് വിദ്യാര്‍ത്ഥികളുടെയും ഉച്ചയ്ക്കുശേഷം അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികള്‍ തെളിവെടുപ്പിന് എത്തും.

അതിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും രൂക്ഷമായി അധിക്ഷേപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ലെന്നും ആരെയാണ് ഇവര്‍ തോല്‍പ്പിക്കാന്‍ നോക്കുന്നതെന്നും അടൂര്‍ ചോദിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ (ഡബ്ല്യു.സി.സി) അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും നേരത്തെ അഭിമുഖങ്ങള്‍ ഒന്നും നല്‍കാന്‍ കഴിവില്ലാത്ത ഇവര്‍ക്ക് അതിനെല്ലാം ട്രെയിനിങ് നല്‍കി കഴിഞ്ഞതായും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘ഒരുമാസവും രണ്ടുമാസവും മൂന്നുമാസവും സമരം ചെയ്യാന്‍ എവിടെയാണ് സമയം. പഠിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് ചെയ്യില്ല. ആരോടാണ് സമരം ചെയ്യുന്നത്, ആരെയാണ് തോല്‍പ്പിക്കാന്‍ നോക്കുന്നത്. ഫ്രീഡത്തെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണ്.

ഉള്ള സമയം ഏറ്റവും കൂടുതല്‍ സിനിമയെ കുറിച്ച് പഠിച്ച്, സിനിമ കണ്ട്, സ്വപ്നം കണ്ട്, ജീവിക്കണം. പഠിക്കാന്‍ വന്നവര്‍ ചെയ്യേണ്ടത് അതാണ്. അവര്‍ക്ക് അതിനപ്പുറത്തേക്ക് വേറെ ലോകമില്ല. ഇന്‍ഡസ്ട്രിയില്‍ ഒരാള്‍ക്ക് സിനിമയെടുക്കാന്‍ അവസരം കിട്ടണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അസിസ്റ്റന്റായിട്ട് നിന്നിട്ട് നാല്‍പ്പതോ അന്‍പതോ വയസ്സാവണം.

രണ്ട് കൊല്ലം കൊണ്ട് സിനിമയെ കുറിച്ച് എല്ലാം പഠിച്ച്, ലോകത്തെ മാസ്റ്റര്‍ പീസുകളെല്ലാം കണ്ട്, ഇതിനെ കുറിച്ച് ഒരു ടേസ്റ്റുണ്ടായി, പഠിതാക്കളെ മാറ്റിയെടുക്കാന്‍ കഴിയും. ഇതിന് നമ്മള്‍ വിധേയരാകണം. ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ഇതൊന്നും ശരിയല്ലെന്ന് പറയുന്നവനെ എന്ത് പഠിപ്പിക്കാന്‍ പറ്റും.

ആയുര്‍വേദത്തില്‍ പറയും, അവിധേയനെ ചികിത്സിക്കരുതെന്ന്. ഈ ചികിത്സ കൊണ്ട് എനിക്ക് ഭേദമാകുമെന്ന് ഉറപ്പുള്ളവനേ ചികിത്സിക്കാന്‍ പറ്റൂ. കാരണം ഇവിടുത്തെ പഠനം കൊണ്ട് എനിക്ക് ഗുണമുണ്ടാകണം.

എന്റെ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ വന്നതാണ് എന്ന ധാരണയുണ്ടെങ്കിലേ ശരിയാവുകയുള്ളൂ. ഇവരോടൊക്കെ പുച്ഛമുള്ളൊരുത്തന്‍ ഇവിടെ പഠിക്കാന്‍ വരരുത്. അവര്‍ എത്രയും വേഗം പിരിഞ്ഞുപോവണം,’ അടൂര്‍ പറഞ്ഞു.

അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5നാണ് വിദ്യാര്‍ത്ഥി സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് ഡിസംബര്‍ 24 മുതല്‍ ജനുവരി 8 വരെ കോളേജ് അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു.

ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നാരോപിച്ചാണ് സമരം. ഡയറക്ടര്‍ നിലവില്‍ ഈ തസ്തികയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും നിയമലംഘനമാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ താല്‍ക്കാലിക തൊഴിലാളികളെ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജാതി വിവേചനത്തിനെതിരെ ചര്‍ച്ചകളും പ്രതിഷേധവും ആരംഭിച്ചത്.

സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിധേയന്‍ എന്ന അടൂര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പോലും വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് ആയുധമാക്കിയിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ രണ്ടാഴ്ച മുമ്പ് ക്യാമ്പസിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു.

Content Highlight: Chairman Adoor Gopalakrishnan says Women Employees in KR Narayan Institute are like WCC Members; Empower Committee to meet Students today