മലയാളത്തില്‍ നവതരംഗ സിനിമകള്‍ക്ക് തുടക്കം കുറിച്ച ചിത്രമാണ് 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരം. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയ സ്വയംവരത്തിന് 50 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുയാണ്.
മലയാളത്തിലെ പുതിയ തലമുറയില്‍ ആര്‍ക്കെങ്കിലും പണ്ടത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്പാര്‍ക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.
‘അവരില്‍ പലരും ഒരുപാട് പ്രോമിസിങ്ങായിട്ടുള്ളവരാണ്. ആ പ്രോമിസ് അവര്‍ സൂക്ഷിക്കണം. പക്ഷേ ആ പ്രോമിസ് സൂക്ഷിക്കാന്‍ പറ്റാത്ത വിധമാണ് സാഹചര്യങ്ങള്‍ കിടക്കുന്നത്. ദേശീയ തലത്തിലാണെങ്കിലും ഇവരുടെയൊന്നും പടങ്ങള്‍ അവര്‍ തിരഞ്ഞെടുക്കുന്നില്ല. സിനിമ കണ്ടിട്ടില്ലാത്ത ആളുകളിരുന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി അവാര്‍ഡ് നല്‍കിയിരിക്കുന്നത് നോക്കിയാലതറിയാം. എല്ലാം തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ക്കാണ്.
ഒറിജിനലായിട്ട് ഒരു വര്‍ക്കെടുത്താല്‍ അത് അംഗീകരിക്കപ്പെടാതെ പോവുന്നു. സിനിമയിലെ പുതിയ ധാരകളെ നിരുപാധികം നിരുത്സാഹപ്പെടുത്തികൊണ്ടിരിക്കുകയാണ് നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥ. അതില്‍ വലിയ പ്രതിഷേധമുണ്ട്,’ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.
”സിനിമയെ സംബന്ധിച്ചിടത്തോളം ഇവിടെ മാത്രമല്ല ലോകത്തുതന്നെ ഏറ്റവും മോശമായ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. സിനിമ ചെയ്യുന്നതിനുള്ള ഒരു ഉത്സാഹം എനിക്കിപ്പോള്‍ ഇല്ല. അങ്ങനെയൊരു ഉത്സാഹം വന്നാല്‍ മാത്രമേ ഞാന്‍ സിനിമ ചെയ്യുകയുള്ളു.
ഉള്ളില്‍ നിന്നൊരു ഉള്‍പ്രേരണ ശക്തമായിട്ട് വരുമ്പോഴാണ് സിനിമ ചെയ്യുന്നത്. ഒരാള്‍ പണവുമായി വന്ന് ഞാന്‍ പടമെടുക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യാറില്ല. എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള, നിര്‍ബന്ധമുള്ള ഒരു തീമും അതുപോലെയുള്ള ട്രീറ്റ്മെന്റുമാണെങ്കില്‍ ഞാന്‍ ചെയ്യാന്‍ തയ്യാറായിരിക്കും. അല്ലാതെ ഓടിപിടിച്ചൊരു പടമെടുക്കുന്ന പരിപാടി എനിക്കില്ല, പുതിയ ചിത്രം എന്നുണ്ടാകുമെന്ന ചോദ്യത്തിന് മറുപടി അടൂര്‍ മറുപടി പറഞ്ഞു.
ആദ്യ ചിത്രമായ സ്വയംവരത്തിലൂടെ മലയാളത്തിലെ റിയലിസ്റ്റിക് സിനിമാധാരക്ക് തുടക്കം കുറിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിലൊളാണ്. തകഴിയുടെയും ബഷീറിന്റെയും സക്കറിയയുടെയും രചനകള്‍ പലതും തിരശീലയില്‍ എത്തിച്ചത് അടൂരാണ്. മതിലുകള്‍, അനന്തരം, വിധേയന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ അടൂര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. 2016ലിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.
Content Highlight: Adoor Gopalakrishnan says in recent years worst movies got the Awards