തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
കേരളത്തിലെത്തുന്ന ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടിയും രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനും ക്ഷണിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്‍പ്പിക്കാന്‍ കഴിയൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, തക്യാവില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ്. സക്കീര്‍ ഹുസൈന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്ന രീതിയിലാണ് ഭാരത് ജോഡോ യാത്രയുടെ ക്രമീകരണം.
15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 3,570 കിലോമീറ്റര്‍ പിന്നിട്ട് ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.
അതേസമയം, ഭാരത് ജോഡോ യാത്രക്കിടെ തമിഴ്‌നാട്ടില്‍ വെച്ച് രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ വൈദികരുമായി നടത്തിയ സംവാദം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ അടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്താണ് ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്.
രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് പാസ്റ്റര്‍ ‘ശക്തി’യേക്കുറിച്ച് പറയുന്ന വാക്കുകള്‍ ‘ഇതാണോ ഭാരത് ജോഡോ യാത്ര?’ എന്ന പരിഹാസത്തോടെയാണ് ബി.ജെ.പി ട്വീറ്റ് ചെയ്തിരിക്കുന്നത്.
തമിഴ്‌നാട്ടിലെ മുളക്മൂഡില്‍ നിന്ന് പാറശ്ശാലയിലേക്കുള്ള കാല്‍നട പര്യടനത്തിനിടെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്കിടെ ക്രൈസ്തവ മത വിശ്വാസത്തിലെ ‘പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്’ സങ്കല്‍പ്പത്തെക്കുറിച്ച് കൂടുതലറിയാന്‍ രാഹുല്‍ ഗാന്ധി താല്‍പര്യം കാണിച്ചു. തങ്ങളുടെ സഭാ വിശ്വാസപ്രകാരം യേശു ആരാണെന്ന് ഫാ. ജോര്‍ജ് പൊന്നയ്യ രാഹുല്‍ ഗാന്ധിക്ക് വിശദീകരിച്ച് നല്‍കി.
ദൈവം മനുഷ്യനായി ജനിച്ചതാണ് ക്രിസ്തുവെന്ന് പറയുന്നതിനിടെയാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ ശക്തിയേക്കുറിച്ച് താരതമ്യം ചെയ്ത് പരാമര്‍ശം നടത്തുന്നത്. (ഹിന്ദു പുരാണ പ്രകാരം ശക്തീ ദേവി മനുഷ്യസ്ത്രീയായി ഭൂമിയില്‍ അവതരിച്ചതാണ് പാര്‍വതി ദേവി). ഈ പരാമര്‍ശമാണ് ബി.ജെ.പി വലിയ തോതില്‍ വിവാദമാക്കിയിരിക്കുന്നത്.
Content Highlight: Adoor Gopalakrishnan said that CM Pinarayi Vijayan should have been welcome Rahul Gandhi at the Kerala border