കൊച്ചി: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂര്‍ പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.
‘ഡയറക്ടര്‍ ശങ്കര്‍ മോഹനന് എന്താണ് കേരളത്തിലെ ജാതി സിസ്റ്റമെന്ന് പോലും അറിയില്ല. കാരണം ദല്‍ഹിയിലാണ് അയാള്‍ ജീവിച്ചിരുന്നത്. ഇവിടെ വന്നപ്പോഴാണ് അദ്ദേഹം ഈ ജാതി പ്രശ്‌നം ഒക്കെ കേള്‍ക്കുന്നത്. ശങ്കരമോഹനന്‍ പോയാല്‍ പിന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.
ശങ്കര്‍ മോഹനന്റെ ഭാര്യക്കെതിരെ വരെ ആരോപണം ഉയര്‍ന്നു. ഇതിനെതിരെ അവര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തേക്കുമെന്നാണ് അറിവ്,’ അടൂര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യുന്ന വദ്യാര്‍ത്ഥികള്‍ക്കെതിരെയും അദ്ദേഹം സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാവരും സമരം ചെയ്യുന്നില്ലെന്നും കുറച്ചുപേര്‍ നേതൃത്വം നല്‍കി എല്ലാവരെയും അതിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അടൂര്‍ പറഞ്ഞു.
‘എല്ലാ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഇല്ല. കുറച്ച് കുട്ടികള്‍ മാത്രമാണ് പ്രശ്നം.
വൈകുന്നേരം വരെ ഹോസ്റ്റലില്‍ കിടന്നുറങ്ങി മദ്യപിക്കുകയാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍.
വൈകുന്നേരം വരെ ഹോസ്റ്റലില്‍ കിടന്ന് ഉറങ്ങി മദ്യപിക്കുകയാണ് അവര്‍. ഗേറ്റിലെ സെക്യൂരിറ്റിക്കാരനാണ് മദ്യം കൊണ്ടുനല്‍കുന്നത്. ഇത് നാട്ടിലെ പലരും കണ്ടു. ഇയാളെ മാറ്റിയതിലുള്ള ദേഷ്യമാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.