| Friday, 4th October 2019, 11:39 am

ഏതെങ്കിലും ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്: ആഞ്ഞടിച്ച് അടൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ താനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു കാര്യത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കോടതി ഈ കേസ് അഡ്മിറ്റ് ചെയ്തതിലാണ് ആശങ്കയെന്നും അടൂര്‍ പ്രതികരിച്ചു.

അടൂരിന്റെ പ്രതികരണം.

രാജ്യത്ത് സൈ്വര്യ ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഏതെങ്കിലും പ്രത്യേക കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന കാര്യമാണ് ചെയ്തത്. ഒരു അനീതി നടക്കുന്നു എന്ന് കണ്ടിട്ടാണ് പ്രധാനമായും കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വളരെ വിനീതനായി എഴുതിയ എഴുത്താണ്. വളരെ ധിക്കാരപരമായി എഴുതിയതല്ല. അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടാകണം പരിഹാരം കാണണം എന്ന് കരുതി എഴുതിയതാണ്. കത്തെഴുതിയ 49 പേരില്‍ ആരും രാഷ്ട്രീയക്കാരല്ല. സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്. ആര്‍ക്കും രാഷ്ട്രീയ താത്പര്യവുമില്ല.

രാജ്യം സ്വതന്ത്ര രാഷ്ട്രമായി ശേഷിക്കുമ്പോള്‍ അത് മാറിപ്പോയാല്‍ പിന്നെ പറയാന്‍ വയ്യ. ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വിശ്വാസത്തിലാണ് ആ എഴുത്ത് എഴുതിയത്. അതിനെ സാധാരണ ഗതിയില്‍ ഭരണകൂടം ചെയ്യേണ്ടത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി എന്താണ് സൂചിപ്പിക്കുന്നത് അത് പരിഹാരം കാണുകയാണ് വേണ്ടത്. അതിന് പകരം കോടതിയില്‍ കേസുകൊടുക്കുക എന്നത് വളരെ , കോടതി അത്അഡ്മിറ്റ് ചെയ്തതിലാണ് ആശങ്ക. – അടൂര്‍ പറഞ്ഞു.

കത്ത് എഴുതിയതിന് പിന്നാലെ ചൊവ്വയിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. അത് ആശങ്കയുളവാക്കുന്നതാണോ എന്ന ചോദ്യത്തിന് മിക്കവാറും ഇനി ബീഹാര്‍ ജയിലിലേക്കായിരിക്കും എന്നായിരുന്നു അടൂരിന്റെ മറുപടി. ‘തീഹാര്‍ ജയിലിലേക്കല്ല. ബീഹാറിലേക്ക്. ഇത് ബീഹാറില്‍ നിന്നാണല്ലോ വന്നിരിക്കുന്നത്. ബീഹാറില്‍ നിന്ന് വേണമെങ്കില്‍ തീഹാറിലേക്കും പോകാം. ‘- അടൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാവിയില്‍ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്ന സൂചനയാണോ ഇത് എന്ന ചോദ്യത്തിന്

ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ ഒരു സ്ത്രീ പോയിട്ട് ഗാന്ധിയുടെ രൂപത്തിലേക്ക് സ്ത്രീയും അനുചരന്‍മാരും ചേര്‍ന്ന് വെടിവെക്കുകയാണ്. ഗോഡ്‌സെ പണ്ട് വെടിവെച്ചതുപോലെ വെച്ച് ചോരയൊലിക്കുന്നു. ഗാന്ധിയുടെ ഓരോ ജന്മദിനത്തിലും ഇത് ആവര്‍ത്തിക്കും എന്ന് അവര്‍ പ്രഖ്യാപിക്കുന്നു.

ഇവരൊന്നും രാജ്യദ്രോഹികളല്ല. എന്ന് മാത്രമല്ല അവരൊക്കെ ഇപ്പോള്‍ എം.പിമാരാണ്. ഇത് സ്ത്രീത്വത്തിന് തന്നെ മോശമാണ്. ഗോഡ്‌സെയെ ദൈവമായി പ്രകീര്‍ത്തിച്ച് നടന്ന വേറൊരു സ്ത്രീ അവരും എം.പിയാണ്. ചെറിയ എം.പിമാരൊന്നും അല്ല. ഒരുലക്ഷത്തില്‍ പരം വോട്ട് വാങ്ങി ജയിച്ച എം.പിമാര്‍. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. അത് രാജ്യദ്രോഹം അല്ലത്രേ. ഒരു കോടതിയും അവരെ ചോദ്യം ചെയ്യുന്നില്ല. ഒരു ദിവസം പോലും അവരെ ജയിലില്‍ കൊണ്ടിടുന്നില്ല. കോടതിയുമായി ഏതെങ്കിലും ബന്ധമുള്ളവര്‍ പറയും ഇവരൊന്നും ഒരു ദിവസം പോലും പുറത്ത് നടക്കാന്‍ പാടില്ല. ഇവരെയൊന്നും പുറത്ത് വിടാന്‍ പാടില്ലാത്തവരാണെന്ന്. അവരെയാണ് നമ്മള്‍ വോട്ട് ചെയ്ത് എം.പിമാര്‍ ആക്കിയിരിക്കുന്നത്. അങ്ങനെയൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.

പ്രധാനമന്ത്രിക്ക് വലിയ മര്യാദയോടെ വളരെ മാന്യതയോടെ താഴ്മയോടെ യോഗ്യരെന്ന് വിശേഷിപ്പിക്കാവുന്നവര്‍ ചേര്‍ന്ന് എഴുതിയ കത്താണ്. അതിനെ എങ്ങനെയാണ് ഭരണകൂടം കാണുന്നതെങ്കില്‍ ഇത് വളരെ ദോഷകരമാണ്. നമ്മുടെ ഭാവിക്കും ജനാധിപത്യത്തിനും ദോഷമാണ്.

വളരെ ആശങ്കാജനകമാണ് ഇത്. ഏതെങ്കിലും ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ, എന്തെങ്കിലും ഒരു കോമണ്‍ സെന്‍സുള്ള കോടതി ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ? തുടര്‍ന്ന് എന്താണ് ഉണ്ടാകുന്നതെന്നല്ല. കേസ് അഡ്മിറ്റ് ചെയ്തത് തന്നെ വളരെ ജനാധിപത്യവിരുദ്ധമായിട്ടുള്ള, നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ തന്നെ സംശയമുണ്ടാക്കുന്ന നടപടിയാണ്. – അടൂര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more