തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് ഭീതിയുടെ നിഴലിലാണ് ആളുകള്‍ കഴിയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.
‘രാജ്യത്തെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. അധികാരം ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഭിപ്രായം തുറന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത അവസ്ഥയാണ്,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കുറിച്ച് തനിക്ക് വലിയ ആശങ്ക ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ചില പ്രവണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ടവര്‍ അത് ചെയ്യാത്തതിനാല്‍ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി ബെല്‍റ്റിലെ ജനങ്ങളുടെ ജീവിതാവസ്ഥയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഹിന്ദി ബെല്‍റ്റിലെ സാധാരണക്കാരായ ജനങ്ങള്‍ ഇപ്പോഴും വളരെ പ്രാകൃതമായ അവസ്ഥയിലാണ് ജീവിക്കുന്നത്. അവരെ മനുഷ്യരായി പോലും മറ്റുള്ള ആളുകള്‍ കാണാന്‍ തയ്യാറാകുന്നില്ല. മനുഷ്യ വളര്‍ച്ചയാണ് വികസനമെന്നും അല്ലാതെ കെട്ടിടം പണിതുയർത്തുന്നതല്ല വികസനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ രാഷ്ട്രീയത്തിന് പുറമേ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടെന്നും സംസ്ഥാനം പല കാര്യങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഏതൊക്കെ പാര്‍ട്ടികളാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്യസിക്കുന്നത് അവര്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. അല്ലാതെ അവര്‍ ഛിന്നഭിന്നമായി പരസ്പരം യുദ്ധം ചെയ്യുന്നത് ശരിയല്ല. ജാതി പാര്‍ട്ടികളുമായി കൂട്ട് കൂടാതെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ പല നേതാക്കന്‍മാരോടും പറഞ്ഞിട്ടുണ്ട്,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Content Highlight: adoor gopalakrishnan against central government