തിരുവനന്തപുരം: ബാഹുബലി പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബാഹുബലി പോലുള്ള സിനിമകള്‍ സാമ്പത്തിക കുറ്റകൃത്യമാണ് ചെയ്യുന്നതെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
കോടി ക്ലബുകള്‍ക്ക് പിന്നാലെയുള്ള മലയാളിയുടെ പാച്ചില്‍ മോശം സംസ്‌കാരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
കോടി ക്ലബിലേക്കുള്ള യാത്രയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സന്തോഷവാനാണോ എന്ന ചോദ്യത്തിന് ജീവിത യാഥാര്‍ഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത ഇത്തരം സിനിമകള്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം നിര്‍മാതാവിന്റെ സംവിധായകന്റെയും സങ്കല്‍പം യാഥാര്‍ഥ്യമാക്കുക മാത്രമാണ് കലാസംവിധായകന്‍ ചെയ്യുന്നതെന്ന് പണച്ചെലവിനെ കുറിച്ചുള്ള ആക്ഷേപത്തിന്ന് ബാഹുബലിയുടെ കലാസംവിധായകന്‍ സാബു സിറിള്‍ മറുപടി നല്‍കി.
ബിഗ് ബജറ്റ് സിനിമകളാണോ മലയാളി പ്രേക്ഷകര്‍ക്ക് സന്തോഷം പകരുന്നതെന്ന ചോദ്യത്തിന് സിനിമയുടെ നാല് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ളവര്‍ കോണ്‍ക്ലേവ് വേദിയില്‍ ഉത്തരം നല്‍കി.
വമ്പന്‍ സിനിമകള്‍ മാത്രമാണ് ലോകനിലവാരം പുലര്‍ത്തുന്നതെന്ന ചിന്ത മണ്ടത്തരമെന്നായിരുന്നു ഗീതു മോഹന്‍ദാസിന്റെ പക്ഷം. ചെറുതില്‍ നിന്ന് കിട്ടുന്ന സന്തോഷമാണ് വലുതെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ നിരീക്ഷണം.