തിരുവനന്തപുരം: വരുന്ന പത്ത് വര്‍ഷത്തേക്ക് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
കോണ്‍ഗ്രസ് സംഘടനയായ സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കലാലയ അക്രമങ്ങള്‍ക്കെതിരെ പ്രതിരോധ സംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്് സംസാരിക്കവേയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
എന്നാല്‍ അടൂരിന് അതേവേദിയില്‍ മറുപടിയുമായി അധ്യാപകന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ എത്തി. മാറ്റിനിര്‍ത്തേണ്ടതും വെറുക്കപ്പെടേണ്ടതും രാഷ്ട്രീയമല്ലെന്നും മറിച്ച് ജാതിയേയും മതത്തേയുമാണെന്നായിരുന്നു ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞത്.
പത്ത് വര്‍ഷത്തേക്കെങ്കിലും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മൊറട്ടോറിയം കൊടുക്കണമെന്നും ഈ രാഷ്ട്രീയപ്രവര്‍ത്തനം നമുക്ക് വേണ്ടെന്നും പറഞ്ഞായിരുന്നു അടൂര്‍ സംസാരം തുടങ്ങിയത്.
”പത്ത് വര്‍ഷത്തേക്കെങ്കിലും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മൊറട്ടോറിയം കൊടുക്കുക, നമുക്ക് ഈ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട. നമ്മുടെ കോളേജുകളില്‍ നമ്മുടെ സ്‌കൂളുകളില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള യൂണിയനുകള്‍ വേണ്ട. ഇത് മറക്കേണ്ട ഒരു അധ്യായമായി നമ്മള്‍ കരുതണം. നമ്മള്‍ ഇതിനെ പരമാവധി ദുഷിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഇതിനെ വൃത്തിയാക്കിയെടുക്കാമെന്ന് ധരിക്കേണ്ട. വേണ്ട എന്ന് വെക്കുകയാണ് വഴിയെന്നാണ് തോന്നുന്നത്.
ഞാന്‍ ഇക്കഴിഞ്ഞ എല്ലാദിവസങ്ങളിലേയും പത്രംസൂക്ഷിച്ചുവായിക്കുന്നുണ്ടായിരുന്നു. പലരും പറയുന്നത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുവാദം കൊടുക്കുക എന്നൊക്കെയാണ്. അതൊന്നും ഇതിന് പരിഹാരമായി എനിക്ക് തോന്നുന്നില്ല. ഒരു പത്തുവര്‍ഷത്തേക്ക് ഇതിനൊരു അവധി കൊടുക്കണം. രണ്ട് ഗുണങ്ങള്‍ ഉണ്ട് അതുകൊണ്ട്. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ ചട്ടുകങ്ങളായി ഉപയോഗിക്കുന്ന രീതി മാറണം. വിദ്യാര്‍ത്ഥികളാണെങ്കിലും അവര്‍ ചെയ്യുന്നത് കോളേജില്‍ നിന്ന് ഇറങ്ങിയാല്‍ ഉടന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ട് അസംബ്ലിയിലോ പാര്‍ലമെന്റിലോ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത് രാഷ്ട്രീയത്തിലെ കരിയറിസമാണ്. ഏതെങ്കിലും ഐഡിയോളജിയോടുള്ള പ്രതിബന്ധത കൊണ്ടല്ല. അത്തരം കരിയറിസം വളര്‍ത്താനുള്ള സ്ഥലമാണോ വിദ്യാലയം എന്ന് ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ ചോദിക്കുകയാണ്. നിര്‍ബന്ധമായും ഇത് നമ്മള്‍ ആലോചിക്കേണ്ട കാര്യമാണ്”- എന്നായിരുന്നു അടൂര്‍ പറഞ്ഞത്.
എന്നാല്‍ അതിന് ശേഷം വേദിയില്‍ സംസാരിക്കാനെത്തിയത് അധ്യാപകന്‍ ഡോ. ജോര്‍ജ് ഓണക്കൂറായിരുന്നു. ‘ഞാന്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ടിരിക്കുന്നു എന്ന ഒരു സംശയം എനിക്കുണ്ട് ‘എന്ന് പറഞ്ഞായിരുന്നു ജോര്‍ജ് ഓണക്കൂര്‍ സംസാരിച്ചു തുടങ്ങിയത്.
”ഒരു കാരണവശാലും രാഷ്ട്രീയവിമുക്തമായ ഒരു കാമ്പസ് സങ്കല്‍പ്പിക്കാന്‍ എനിക്ക് സാധിക്കുകയില്ല. ഏറ്റവും കൂടുതല്‍ കാലം കോളേജ് അധ്യാപകനായി ഇരിക്കാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് ഞാന്‍. അക്രമരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തണം എന്നാണ് അടൂര്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ കരുതുന്നു. രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ സമൂഹത്തില്‍ ജാതി വളരും മതം വളരും. കാമ്പസില്‍ ഞാന്‍ കണ്ടതാണ്. എന്റെ കൂട്ടുകാരനാണ് പ്രൊഫ. ടി.ജെ ജോസഫ്. അദ്ദേഹത്തിന്റെ കൈ വെട്ടിയത് അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട ആളായതുകൊണ്ടല്ല. ഒരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്തിയതുകൊണ്ടല്ല. തെറ്റിദ്ധരിച്ച് ഒരു ചോദ്യം ഇട്ടതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈവെട്ടി.