അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും
Daily News
അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th October 2015, 1:09 pm

adnan_sami_20102013

ന്യൂദല്‍ഹി: പാക് ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് പൗരത്വം നല്‍കാന്‍ തീരുമാനമായത്. 2001 മുതല്‍ ഇന്ത്യയില്‍ തുടരുന്ന അദ്‌നാന്‍ സമിക്ക് 1955ലെ ഇന്ത്യന്‍ സിറ്റിസന്‍ഷിപ്പ് ആക്ട് സെക്ഷന്‍ 6 പ്രകാരമാവും പൗരത്വം നല്‍കുക.

കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യയിലെ വിസ കാലാവധി കഴിഞ്ഞ അദ്‌നന്‍ സമി പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ തുടരാന്‍ സമിക്ക് അനുമതി നല്‍കിയിരുന്നു.

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന മുടക്കിയ പശ്ചാത്തലത്തിലാണ് മറ്റൊരു പാക് ഗായകന് ഇന്ത്യയില്‍ തുടരാന്‍ അനുമതി ലഭിക്കുന്നത്. നേരത്തെ പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരി, ഐ.സി.സി അംപയര്‍ അലീം ദാര്‍, വസീം അക്രം എന്നിവര്‍ക്കെതിരെയും ശിവസേന രംഗത്ത് വന്നിരുന്നു.

നേരത്തെ തന്റെ രണ്ടാം ഭാര്യയായ സബാഹ് ഗലാദ്രിയുമായുള്ള വിവാഹ തര്‍ക്കത്തെ തുടര്‍ന്ന് സമിക്ക് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ പാക് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇരുവരും 2012ലാണ് വേര്‍പിരിഞ്ഞിരുന്നത്.

ലാഹോര്‍ സ്വദേശിയായ അദ്‌നാന്‍ സമി ഖാന്‍ ബോളിവുഡില്‍ ഒട്ടനവധി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള ഗായകനാണ്. മലയാളത്തില്‍ “മകള്‍ക്ക്” എന്ന സിനിമയില്‍ അദ്‌നാന്‍ സമി പാടിയിട്ടുണ്ട്.