പാക് ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യ പൗരത്വം നല്‍കി. നാളെ മുതല്‍ പൗരത്വം നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് പൗരത്വം നല്‍കാന്‍ തീരുമാനമായത്. 2001 മുതല്‍ ഇന്ത്യയില്‍ തുടരുന്ന അദ്‌നാന്‍ സമിക്ക് 1955ലെ ഇന്ത്യന്‍ സിറ്റിസന്‍ഷിപ്പ് ആക്ട് സെക്ഷന്‍ 6 പ്രകാരമാണ് പൗരത്വം നല്‍കിയത്
കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യയിലെ വിസ കാലാവധി കഴിഞ്ഞ അദ്‌നാന്‍ സമി പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ തുടരാന്‍ സമിക്ക് അനുമതി നല്‍കിയിരുന്നു.
പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന മുടക്കിയ പശ്ചാത്തലത്തിലാണ് മറ്റൊരു പാക് ഗായകന് ഇന്ത്യയില്‍ തുടരാന്‍ അനുമതി ലഭിക്കുന്നത്. നേരത്തെ പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരി, ഐ.സി.സി അംപയര്‍ അലീം ദാര്‍, വസീം അക്രം എന്നിവര്‍ക്കെതിരെയും ശിവസേന രംഗത്ത് വന്നിരുന്നു.
നേരത്തെ തന്റെ രണ്ടാം ഭാര്യയായ സബാഹ് ഗലാദ്രിയുമായുള്ള വിവാഹ തര്‍ക്കത്തെ തുടര്‍ന്ന് സമിക്ക് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ പാക് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇരുവരും 2012ലാണ് വേര്‍പിരിഞ്ഞിരുന്നത്.
ലാഹോര്‍ സ്വദേശിയായ അദ്‌നാന്‍ സമി ഖാന്‍ ബോളിവുഡില്‍ ഒട്ടനവധി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള ഗായകനാണ്. മലയാളത്തില്‍ “മകള്‍ക്ക്” എന്ന സിനിമയില്‍ അദ്‌നാന്‍ സമി പാടിയിട്ടുണ്ട്.