'ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു'; സംഗീത സംഘത്തെ 'ഇന്ത്യന്‍ പട്ടികളെന്ന്' വിളിച്ച കുവൈറ്റ് എംബസി ജീവനക്കാര്‍ക്കതിരെ അദ്‌നാന്‍ സമി
National
'ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു'; സംഗീത സംഘത്തെ 'ഇന്ത്യന്‍ പട്ടികളെന്ന്' വിളിച്ച കുവൈറ്റ് എംബസി ജീവനക്കാര്‍ക്കതിരെ അദ്‌നാന്‍ സമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th May 2018, 12:56 pm

ന്യൂദല്‍ഹി: അധിക്ഷേപകരമായി സംസാരിച്ച കുവൈറ്റ് എംബസിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി ഗായകന്‍ അദ്‌നാന്‍ സമി. കുവൈറ്റില്‍ ഒരു സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്‌നാനും സംഘവും.

കുവൈറ്റിലെ വിമാനത്താവളത്തില്‍ വച്ചാണ് എംബസി അധികൃതര്‍ പരിപാടി അവതരിപ്പിക്കാനെത്തിയ തന്റെ സംഘത്തിലെ അംഗങ്ങളെ ഇന്ത്യന്‍ പട്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു അദ്‌നാന്‍ പറഞ്ഞത്. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു.

 

“വളരെ സന്തോഷത്തോടെ സംഗീതപരിപാടി അവതരിപ്പിക്കാനാണ് ഞങ്ങള്‍ കുവൈറ്റിലെത്തിയത്. അവിടുത്തെ ജനങ്ങള്‍ തികഞ്ഞ സ്‌നേഹത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചതും. എന്നാല്‍ എംബസിയിലെത്തിയപ്പോള്‍ തികച്ചും വൃത്തിക്കെട്ട അനുഭവമാണുണ്ടായത്. അധികൃതര്‍ ഒരു കാരണങ്ങളുമില്ലാതെ ഞങ്ങളുടെ സംഘത്തിലെ അംഗങ്ങളെ ഇന്ത്യന്‍ പട്ടികള്‍ എന്നുവിളിച്ച് അധിക്ഷേപിച്ചു. ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു”. എന്നാണ് അദ്‌നാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.


ALSO READ: ചെങ്ങന്നൂരില്‍ സജി ചെറിയാനെ തോല്‍പ്പിക്കാനാണ് എം.വി. ഗോവിന്ദന്റെ ശ്രമം; ബി.ജെ.പിയില്‍ നിന്നും അവഗണന മാത്രം’: വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍


അദ്‌നാനിന്റെ ട്വിറ്റര്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ന്ന് അദ്‌നാനുമായി മന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു.

ബ്രിട്ടണില്‍ ജനിച്ച പാകിസ്ഥാന്‍ വംശജനാണ് അദ്‌നാന്‍ സമി. ഇൗയടുത്താണ് അദ്‌നാന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. പതിനഞ്ച് വര്‍ഷമായി ഇന്ത്യയിലാണ് അദ്‌നാന്‍ താമസിക്കുന്നത്. പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു.