ന്യൂദല്‍ഹി: പാക് ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു. ഇത് രണ്ടാം തവണയാണ് 43 കാരനായ അദ്‌നാന്‍ സാമി പൗരത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്ര അഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു.
കഴിഞ്ഞ മാസം അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച് അഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരത്വ നിയമ പ്രകാരം അഭ്യന്തര മന്ത്രാലയത്തിനാണ് പൗരത്വം നല്‍കേണ്ട അധികാരമുള്ളൂവെന്ന് നിയമന്ത്രാലയം മറുപടി നല്‍കിയിരുന്നു.
നിലവില്‍ കല, സാഹിത്യം, ശാസ്ത്രം, സമാധാന ശ്രമങ്ങള്‍ തുടങ്ങിയ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വിദേശ വ്യക്തിത്വങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ പൗരത്വം നല്‍കപ്പെടുന്നത്.
നേരത്തെ 2001-13 കാലയളലിലായി അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചിരുന്നു. ബിസിനസ് ,പ്രൊഫഷണല്‍ വിസകള്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹം യാത്രകള്‍ നടത്തിയിരുന്നത്.
2013ല്‍ അദ്ദേഹത്തിന്റെ വിസ കാലാവധി കഴിഞ്ഞ മുറക്ക് അദ്ദേഹം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം.എന്‍.എസ് അടക്കമുള്ള സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു.