| Thursday, 12th January 2023, 10:21 am

തെലുങ്കു പതാക ഉയരത്തില്‍ പറക്കുന്നുവെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി, വിഘടനവാദമെന്ന് ഗായകന്‍ അദ്നാന്‍ സാമി; ഗോള്‍ഡന്‍ ഗ്ലോബില്‍ വാക്‌പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ അദ്നാന്‍ സാമി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ആര്‍.ആര്‍.ആര്‍ ടീമിനെ അഭിനന്ദിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി പങ്കുവെച്ച ട്വീറ്റാണ് വിമര്‍ശനത്തിന് ആധാരമായത്.

ആന്ധ്രാപ്രദേശിലെ എല്ലാവര്‍ക്കും വേണ്ടി തെലുങ്കു പതാക ഉയരെ പറക്കുന്നു എന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റിലെ പരാമര്‍ശമാണ് ഗായകനെ ചൊടിപ്പിച്ചത്.

രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിര്‍ത്തുന്നത് ദയവായി അവസാനിപ്പിക്കണണെന്ന് അദ്നാന്‍ സാമി ട്വിറ്ററില്‍ കുറിച്ചു.

‘തെലുങ്കു പതാക, താങ്കള്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ പതാക എന്നല്ലേ? നാം എല്ലാവരും ഇന്ത്യക്കാരാണ്. രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് ദയവായി അവസാനിപ്പിക്കണം.

പ്രത്യേകിച്ച് അന്താരാഷ്ര തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നമ്മളെല്ലാവരും ഒരേയൊരു രാജ്യമാണ്. 1947 ല്‍ നാം സാക്ഷിയായതുപോലുള്ള ഈ വിഘടനവാദം അനാരോഗ്യകരമാണ്. നന്ദി… ജയ്ഹിന്ദ്,’ എന്നാണ് അദ്നാന്‍ സാമി ട്വീറ്റ് ചെയ്തത്.

‘തെലുങ്ക് പതാക ഉയരത്തില്‍ പറക്കുന്നു. ആന്ധ്രാപ്രദേശിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി എം.എം. കീരവാണി, എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, ആര്‍.ആര്‍.ആര്‍ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു,’ എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തത്.

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു…നാട്ടു എന്ന ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയത്.

സംഗീത സംവിധായകന്‍ എം.എം. കീരവാണി ആര്‍.ആര്‍.ആറിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്.

2009ല്‍ എ.ആര്‍. റഹ്മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ല്യണര്‍’ എന്ന ചിത്രമാണ് ഇതിന് മുമ്പ് ഇന്ത്യയിലേക്ക് പുരസ്‌കാരം എത്തിച്ചത്.

ആര്‍.ആര്‍.ആറിന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എ.ആര്‍. റഹ്മാന്‍, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Content Highlight: Adnan Sami Against Andrapradesh CM Jagan Mohan Reddy On Golden Globe Tweet

We use cookies to give you the best possible experience. Learn more