ന്യൂദല്‍ഹി : മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പനല്‍കേണ്ടെന്ന പൊതുമേഖലാ ബാങ്കുകളുടെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍(ഐ.ബി.ഐ) തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പാ പദ്ധതിയിലായിരുന്നു പുതിയ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ പുതിയ മാനദണ്ഡം അംഗീകരിച്ചതോടെ കേരളസര്‍ക്കാറിന്റെ ആവശ്യം തത്വത്തില്‍ നിരസിക്കപ്പെടുകയാണുണ്ടായിരിക്കുന്നത്.[]
കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണ, കെ.എന്‍ ബാലഗോപാല്‍ എം.പിക്ക് കഴിഞ്ഞ ദിവസം നല്‍കിയ കത്തിലാണ് മാതൃകാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചത്.
മാനദണ്ഡം നടപ്പിലാക്കുന്നതോടെ പുതിയ വായ്പകള്‍ ലഭ്യമാകുകയില്ല എന്നുമാത്രമല്ല, ഇതുവരെ നല്‍കിയിട്ടുള്ള വായ്പകളെയും ഇത് ബാധിക്കുമെന്ന സ്ഥിതിയാണുള്ളത്. സ്വശ്രയ എഞ്ചിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ ഏറെയുള്ള കേരളത്തിന് പുതിയ തീരുമാനം ആശങ്കകള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സമീപിച്ചത്.
രാജ്യത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ക്രമാധീതമായി വര്‍ധിക്കുന്നതും വിദ്യാഭ്യാസ വായ്പകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തതിനാലാണ് പുതിയ മാനദണ്ഡങ്ങള്‍ ഐ.ബി.എ പരിഷ്‌കരിച്ചത്. 2001 ലാണ് ഐ.ബി.എ മാതൃകാ വിദ്യാഭ്യാസ വായ്പക്ക് രൂപം നല്‍കിയത്. 2007 പദ്ധതി പരിഷ്‌കരിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ മാറ്റിയിരുന്നില്ല. അതിനുശേഷം ഇപ്പോഴാണ് പുതിയ മാനദണ്ഡങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
റിസര്‍വ്വ് ബാങ്കിന്റെയും കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെയും അനുമതിയോടെയാണ് പുതിയ തീരുമാനമെന്ന് ഐ.ബി.എ അറിയിച്ചു. പുതിയ മാനദണ്ഡളെ കുറിച്ചുള്ള വിവരങ്ങള്‍ ഐ.ബി.എ വിവിധ ബാങ്കുകള്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. തൊഴില്‍ സാധ്യത ഉറപ്പാക്കി മാത്രമേ വായ്പ നല്‍കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു.