| Friday, 8th November 2024, 8:27 pm

സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം; കോടതി ഉത്തരവ് പാലിക്കണം; ദല്‍ഹി സര്‍വകലാശാലയോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പാലിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി സര്‍വകലാശാല അധികൃതരോടാണ് ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.

വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് ദല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജി നവംബര്‍ 11ന് പരിഗണിക്കാനിരിക്കേയാണ് കോടതിയലക്ഷ്യ ഹരജി.

നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നതുവരെ സര്‍വകലാശാല അധികൃതര്‍ ഇക്കാര്യങ്ങള്‍ പാലിക്കണമെന്നും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്നും ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ഒക്ടോബര്‍ 28നായിരുന്നു ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കാമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ദല്‍ഹി സര്‍വകലാശാലയും സെന്റ് സ്റ്റീഫന്‍സ് കോളേജും തമ്മിലുള്ള സീറ്റ് വിഭജന തര്‍ക്കത്തിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാമെന്ന കോടതി ഉത്തരവ്.

കോടതി ഉത്തരവ് പാലിക്കണമെന്ന നിര്‍ദേശം വന്നതിന് പിന്നാലെ ഒക്ടോബര്‍ 28ലെ വിധി അനുസരിക്കുമെന്ന് ദല്‍ഹി സര്‍വകലാശാലയുടെ അഭിഭാഷകനും കോടതിക്ക് ഉറപ്പ് നല്‍കി. ഉത്തരവനുസരിക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 28ന് വന്ന ഉത്തരവ് സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ന്യൂനപക്ഷ ക്വാട്ടയിലെ 19 സീറ്റില്‍ ഒരു സീറ്റിനെ സംബന്ധിച്ച കേസിനെ തുടര്‍ന്നായിരുന്നു. 19 സീറ്റില്‍ ഒരു വിദ്യാര്‍ത്ഥി മറ്റൊരു കോഴ്സിലേക്ക് പോയിരുന്നു. പിന്നാലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകളാണ് നേരത്തെ ഹൈക്കോടതി പരിഗണിച്ചത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളില്‍ 18 പേര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടെന്നും അത്തരം സീറ്റുകള്‍ ഇനി അനുവദിക്കരുതെന്നും പറഞ്ഞ കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ന്യൂനപക്ഷ ക്വാട്ട വിഭാഗത്തില്‍ സീറ്റുകള്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.

Content Highlight: admission of minority students at St. Stephen’s College; Court order must be followed; High Court to Delhi University

We use cookies to give you the best possible experience. Learn more