റായ്ബറേലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ പുകഴ്ത്തി വിമത കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങ്. പ്രിയങ്ക ഗാന്ധിക്കെതിരെ അതിഥി സിങ് നടത്തിയ വിമര്‍ശനം ചര്‍ച്ചയായിരിക്കവേയാണ് യോഗി ആദിത്യനാഥിനെ പുകഴ്ത്തുക കൂടി ചെയ്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അതിഥി സിങിന്റെ പ്രതികരണം.
രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ത്ഥികളെ ആയിരത്തോളം ബസ്സുകള്‍ അയച്ച് സംസ്ഥാനത്തേക്ക് കൊണ്ടുവന്നതാരാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരെ യു.പി അതിര്‍ത്തിയില്‍ പോലും എത്തിച്ചില്ല. അവരോട് വീടുകള്‍ വിടാനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം യോഗി ആദിത്യനാഥ് ബസ്സുകള്‍ അയച്ച് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ നീക്കത്തെ അഭിനന്ദിക്കുകയുണ്ടായെന്നും അതിഥി സിങ് പറഞ്ഞു.
യോഗിയുടെ ഈ പ്രയത്‌നത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വളരെ നല്ല ജോലിയാണ് ചെയ്യുന്നത്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെയും മികച്ച രീതിയിലാണ് അദ്ദേഹം നേരിട്ടത്. ക്രമസമാധാന പാലനം അദ്ദേഹം നല്ല രീതിയില്‍ നടത്തുന്നു. പൊലീസും നന്നായാണ് പ്രവര്‍ത്തിച്ചതെന്നും അതിഥി സിങ് പറഞ്ഞു.
ബി.ജെ.പിയില്‍ ചേരുന്നില്ലെന്നും അതിഥി സിങ് പറഞ്ഞു. ഞാനിപ്പോള്‍ നന്നായി, നല്ല ആരോഗ്യത്തോടെ ഇരിക്കാനും എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുവാനുമാണ് ഇഷ്ടപ്പെടുന്നതെന്നും അതിഥി സിങ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക